
ഇതുവരെയുള്ള എല്ലാ കളക്ഷൻ റെക്കോർഡുകളെയും തകർത്തുകൊണ്ടാണ് ധുരന്ദര്‍ 2 തിയേറ്ററുകളിൽ ഗംഭീര പ്രകടനം കാഴ്ചവച്ച് മുന്നേറുന്നത്. ആദ്യ വീക്കെന്‍ഡ് കൊണ്ട് തന്നെ എക്കാലത്തെയും വലിയ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ചിത്രം ഇടം നേടി. ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിച്ച, ആദിത്യ ധര്‍ – രണ്‍വീര്‍ സിങ് ചിത്രം ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആദ്യ വീക്കെന്‍ഡ് പിന്നിടുമ്പോള്‍ ചിത്രം നേടിയ ആഗോള ഗ്രോസ് കളക്ഷന്‍ 761 കോടി രൂപയാണ്. ഇന്ത്യന്‍ സിനിമയിലെ ബോക്‌സ് ഓഫീസ് ചരിത്രം മാറ്റിയെഴുതുന്ന ഈ ചിത്രം, ആഗോള തലത്തില്‍ അഭൂതപൂര്‍വമായ വിജയമാണ് നേടുന്നത്. ഇന്ത്യക്ക് അകത്തും പുറത്തും ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന ആദ്യ വീക്കെന്‍ഡ് കളക്ഷന്‍ ആണ് ചിത്രം സ്വന്തമാക്കിയത്. അമ്പരപ്പിക്കുന്ന അഡ്വാന്‍സ് ബുക്കിങ്ങും പ്രീമിയര്‍ ഷോ മുതല്‍ ലഭിച്ച ഗംഭീര പ്രേക്ഷക പ്രതികരണവും ചിത്രത്തെ ഇതിഹാസ സമാനമായ വിജയമാക്കിയാണ് മാറ്റുന്നത്.
പ്രീമിയര്‍ കളക്ഷന്‍, ആദ്യ ദിന ഇന്ത്യ നെറ്റ് കളക്ഷന്‍, വിദേശ ഗ്രോസ് എന്നിവ ചേര്‍ത്ത് ഓപ്പണിങ് ഡേ 197 കോടി ആഗോള ഗ്രോസ് നേടിയ ചിത്രം, രണ്ടാം ദിനം നേടിയത് 129 കോടിയാണ്. മൂന്നാം ദിനം 175 കോടി നേടിയ ചിത്രം, നാലാം ദിനമായ ഞായറാഴ്ച നേടിയത് 177 കോടിയാണ്. ആദ്യ വീക്കെന്‍ഡില്‍ ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം നേടിയ നെറ്റ് കളക്ഷന്‍ 466 കോടി രൂപയാണ്. 550 കോടിയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് 4 ദിനം കൊണ്ട് നേടിയ ഗ്രോസ് കളക്ഷന്‍. വിദേശത്തു നിന്നും ചിത്രം 4 ദിനം കൊണ്ട് സ്വന്തമാക്കിയത് 211 കോടി രൂപയാണ്.
2200 തീയേറ്ററുകളിലായി 3000 സ്‌ക്രീനുകളില്‍ വിദേശത്തു എത്തിയ ചിത്രം ഒരു ഇന്ത്യന്‍ സിനിമക്ക് ലഭിച്ച ഏറ്റവും വലിയ വിദേശ റിലീസ് എന്ന റെക്കോര്‍ഡും സ്വന്തമാക്കി. പ്രേക്ഷകരുടെ വമ്പന്‍ ഡിമാന്‍ഡ് കാരണം, ഉറുഗ്വേ, ഉക്രെയ്ന്‍, ബള്‍ഗേറിയ, റൊമാനിയ, ചിലി, മെക്‌സിക്കോ, സൈപ്രസ് തുടങ്ങിയ പാരമ്പര്യേതര വിപണികളില്‍ കൂടി ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


