
ബംഗളൂരു: ധർമസ്ഥല കേസിലെ വൻ ട്വിസ്റ്റിലേക്ക് അന്വേഷണത്തെ നയിച്ചത് ചിന്നയ്യ തന്നെയെന്ന് വിവരം. വൻ വെളിപ്പെടുത്തലെന്ന നിലയില്‍ ചിന്നയ്യ നടത്തിയ മൊഴിയിലെ വൈരുദ്ധ്യമാണ് ഇയാള്‍ക്ക് കുരുക്കായത്.
തൻ്റെ മൊഴികള്‍ക്ക് ആധാരമായി ചിന്നയ്യ ഹാജരാക്കിയ തലയോട്ടി പുരുഷന്റേതെന്ന കണ്ടെത്തലും ഗുരുതരമായി.
ഈ തലയോട്ട് ബലാത്സംഗത്തിന് ഇരയായ സ്ത്രീയുടേതെന്നായിരുന്നു ചിന്നയ്യയുടെ മൊഴി. എന്നാല്‍ ഫോറൻസിക് പരിശോധനയില്‍ ഇത് അങ്ങനെയല്ലെന്ന് വ്യക്തമായി.
വിശദമായി ചോദ്യം ചെയ്തപ്പോള്‍ തലയോട്ടി താൻ മറ്റൊരിടത്ത് നിന്ന് സംഘടിപ്പിച്ചതാണെന്ന് ചിന്നയ്യ തന്നെ സമ്മതിപ്പിച്ചു. ഇതിന് പിന്നാലെ ചിന്നയ്യക്കെതിരെ ഭാര്യയും രംഗത്ത് വന്നു.
ചിന്നയ്യ പബ്ലിസിറ്റി ആഗ്രഹിച്ചാണ് ഈ നിലയില്‍ കോളിളക്കം ഉണ്ടാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയതെന്നും ചിന്നയ്യക്ക് മാനസിക വെല്ലുവിളിയുണ്ടെന്നും അവർ ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ വിശദമായ അന്വേഷണം ചിന്നയ്യക്കെതിരെ നടത്താനുള്ള തീരുമാനത്തിലാണ് എസ്‌ഐടി. ചിന്നയ്ക്ക് തലയോട്ടി ആരെങ്കിലും കൈമാറിയതാണോയെന്ന് അന്വേഷിക്കും. ചൂണ്ടികാണിച്ച രണ്ടു പോയിന്റുകളില്‍ മൃതദേഹാവശിഷ്ടങ്ങള്‍ എങ്ങനെ എത്തിയെന്നതും അന്വേഷിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാജ വെളിപ്പെടുത്തലെന്ന് വ്യക്തമായെന്ന് പറഞ്ഞാണ് ചിന്നയ്യയുടെ പേര്, വിവരങ്ങള്‍ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടത്. ഇയാള്‍ക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്തു. മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയ സുജാത ഭട്ട് ഭീഷണിക്ക് വഴങ്ങിയാണ് താൻ മൊഴി നല്‍കിയതെന്ന് പറഞ്ഞു. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും അവർ വെളിപ്പെടുത്തി. ഇവരെയും പൊലീസ് ചോദ്യം ചെയ്യും.
ഞാൻ 1994 മുതല്‍ 2014 വരെ ധർമസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിന് കീഴില്‍ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്നയാളാണ് താനെന്ന് പറഞ്ഞാണ് ചിന്നയ്യ വെളിപ്പെടുത്തല്‍ നടത്തിയത്. ‘ഞാൻ മറവ് ചെയ്ത സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ നൂറുകണക്കിന് മൃതദേഹം എന്നെ വേട്ടയാടുന്നു. പറഞ്ഞത് ചെയ്തില്ലെങ്കില്‍ അവരിലൊരു മൃതദേഹമായി ഞാനും മണ്ണില്‍ മൂടപ്പെട്ട് പോയേനെ എന്നത് കൊണ്ട് മാത്രമാണ് ഞാനത് ചെയ്തത്.
നേത്രാവതി നദിക്കരയിലടക്കം പലയിടങ്ങളിലായി കണ്ട മൃതദേഹം പലതും ആത്മഹത്യകളോ മുങ്ങി മരണമോ ആണെന്നാണ് ഞാൻ കരുതിയത്. പിന്നീടാണ് ഇതില്‍പ്പലതിലും ലൈംഗികാതിക്രമത്തിന്‍റെ പാടുകളും മുറിവുകളും ഞാൻ കണ്ടത്. ഇവയൊന്നും പൊലീസില്‍ റിപ്പോർട്ട് ചെയ്തിരുന്നില്ല. 2010-ല്‍ കല്ലേരിയിലെ ഒരു പെട്രോള്‍ പമ്പിനടുത്ത് ഞാൻ കണ്ട, പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന, ഒരു കൊച്ചു പെണ്‍കുട്ടിയുടെ മൃതദേഹമുണ്ട്. സ്കൂള്‍ യൂണിഫോമിലുള്ള, എന്നാല്‍ അടിവസ്ത്രങ്ങളില്ലാതിരുന്ന ഒരു മൃതദേഹം.
അത് കുഴിച്ചുമൂടേണ്ടി വന്ന ഓർമ എന്നെ വിട്ട് പോകുന്നില്ല. ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു യുവതിയുടെ മുഖം ആസിഡൊഴിച്ച് കരിച്ച് ഡീസലൊഴിച്ച് എനിക്ക് കത്തിക്കേണ്ടി വന്നിട്ടുണ്ട്. എന്‍റെ കുടുംബത്തിലെ ഒരു കുട്ടിക്ക് തന്നെ ധർമസ്ഥലയിലെ ഉന്നതരില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടപ്പോഴാണ് ഞാനും എന്‍റെ കുടുംബവും ഇവിടെ നിന്ന് രക്ഷപ്പെട്ടത്.
ഇപ്പോള്‍ കുറ്റബോധം കൊണ്ടാണ് തിരിച്ച് വന്നത്. എനിക്ക് സംരക്ഷണം വേണം. ആ മൃതദേഹം മറവ് ചെയ്ത ഇടം മുഴുവൻ ഞാൻ കാട്ടിത്തരാം. ഇതില്‍ സമഗ്രമായ അന്വേഷണം വേണം.”
എന്നാണ് ശുചികരണ തൊഴിലാളി ആദ്യം പറഞ്ഞത്.