മോദി ഭരണത്തിന്റെ വിശ്വാസ്യത തകർത്ത് മറ്റൊരു അഴിമതി കൂടി പുറത്ത്; ഡിഎച്ച്എഫ്എൽ നടത്തിയത് 31,000 തട്ടിപ്പ്; ബിജെപി യ്ക്ക് സംഭാവന നൽകിയത് 19.5 കോടിയും .
സ്വന്തം ലേഖകൻ
ന്യൂഡൽഹി: വീണ്ടും കേന്ദ്ര സർക്കാരിന്റെ മൂക്കിൻ തുമ്പിൽ വൻ അഴിമതി. സ്വകാര്യ ധനകാര്യ സ്ഥാപനം ഡിഎച്ച്എഫ്എൽ (ദെവാൻ ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്) 31,000 കോടിരൂപയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയതായി കോബ്രാ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണാത്മക പത്രപ്രവർത്തക വെബ്സൈറ്റാണ് കോബ്രാ പോസ്റ്റ്. ബിജെപിക്ക് അനധികൃതമായി 19.5 കോടിരൂപയുടെ സംഭാവനയും ഡിഎച്ച്എഫ്എൽ നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
ബാങ്ക് വായ്പകളിലൂടെയാണ് ഡിഎച്ച്എഫ്എൽ തട്ടിപ്പ് നടത്തിയത്. കോർപ്പറേറ്റ് വായ്പകൾ വഴിതിരിച്ചുവിട്ട് ഇല്ലാത്ത കമ്പനികളിലൂടെ പണം തിരിമറി നടത്തിയും വിദേശത്ത് ആസ്തികൾ വാങ്ങിയും പണം അനധികൃതമായി വിനിയോഗിച്ചു. ശ്രീലങ്കയിലെ ഒരു ക്രിക്കറ്റ് ടീമിൽ ഓഹരികൾ വാങ്ങി. ഏതാണ്ട് 4000 കോടിരൂപ ഇത്തരത്തിൽ ചെലവഴിച്ചെന്ന് കോബ്രാ പോസ്റ്റ് ആരോപിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപിക്ക് നൽകിയ സംഭാവനകൾ ഡിഎച്ച്എഫ്എൽ വഴിയായിരുന്നില്ല. കമ്പനിയുടെ പ്രൊമോട്ടർമാരായ വാധവൻ കുടുംബത്തിന്റെ തന്നെ കമ്പനികളായ ആർകെഡബ്ല്യു ഡെവലപ്പേഴ്സ്, സ്‌കിൽ റിയൽറ്റേഴ്സ്, ദർശൻ ഡെവലപ്പേഴ്സ് കമ്പനികളിലൂടെ 2014-15, 2016-17 സാമ്പത്തികവർഷങ്ങളിലാണ് അനധികൃതമായി സംഭാവന നൽകിയത്. ലാഭത്തിൽ നിന്ന് പരമാവധി 7.5 ശതമാനംവരെ സംഭാവനകൾ നൽകാനാണ് നിയമം അനുവദിക്കുന്നത്. എന്നാൽ സംഭാവന നൽകിയ ഒരു കമ്പനിയും ലാഭത്തിൽ ആയിരുന്നില്ലെന്ന് ഇവർ കണ്ടെത്തിയിരിക്കുകയാണ്.
അതേസമയം, ബിജെപി ഇതുവരെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. ഭവന നിർമ്മാണ രംഗത്ത് വായ്പകൾ നൽകുന്ന നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി ഗണത്തിൽപ്പെടുന്ന സ്ഥാപനമാണ് ഡിഎച്ച്എഫ്എൽ.