video
play-sharp-fill
കോടതിയിലെ നിലപാട് മാറ്റം അറിഞ്ഞില്ല; ദേവസ്വം ബോർഡ് പ്രസിഡന്റ് കമ്മീണറോട് വിശദീകരണം തേടി

കോടതിയിലെ നിലപാട് മാറ്റം അറിഞ്ഞില്ല; ദേവസ്വം ബോർഡ് പ്രസിഡന്റ് കമ്മീണറോട് വിശദീകരണം തേടി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന കേസിൽ ദേവസ്വം ബോർഡ് നിലപാട് മാറ്റിയ സംഭവത്തെ ചൊല്ലി അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു. സുപ്രീംകോടതിയിൽ ബുധനാഴ്ചച നടന്ന വാദത്തിനിടെ യുവതീപ്രവേശനത്തെ ദേവസ്വം അഭിഭാഷകൻ അനുകൂലിച്ച് സംസാരിച്ചതിനെക്കുറിച്ച് ദേവസ്വം കമ്മീഷണർ എൻ.വാസുവിനോട് വിശദീകരണം നൽകാൻ പ്രസിഡൻറ് എൻ.പത്മകുമാർ ആവശ്യപ്പെട്ടു.

സാവകാശ ഹർജി അവതരിപ്പിച്ചു കൊണ്ട് യുവതീപ്രവേശനം നീട്ടിവയ്ക്കുകയും അതുവഴി നിലവിലുള്ള സംഘർഷാവസ്ഥയ്ക്ക് അയവുണ്ടാക്കാൻ ശ്രമിക്കുകയുമായിരുന്നു ദേവസ്വം ബോർഡിൻറെ ലക്ഷ്യം. എന്നാൽ യുവതീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ ദേവസ്വം ബോർഡ് കോടതിയിൽ ശക്തമായി പിന്താങ്ങിയതോടെ ഇതിനുള്ള സാധ്യതകൾ ഇല്ലാതായി. സാവകാശ ഹർജിയെപ്പറ്റി പരാമർശിക്കുക കൂടി ചെയ്യാതെ യുവതീപ്രവേശനത്തെ ശക്തമായി അനുകൂലിച്ച ദേവസ്വം അഭിഭാഷകനെ ആരാണ് അതിനെ ചുമതലപ്പെടുത്തിയതെന്നാണ് ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ.പത്മകുമാറിൻറെ ചോദ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വം ബോർഡിന്റെ നിലപാട് മാറ്റത്തെക്കുറിച്ച് ചോദിച്ച മാധ്യമങ്ങളോട് ഇതുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് പ്രസിഡൻറ് എൻ.പത്മകുമാർ പറയുന്നത്. ദേവസ്വം കമ്മീഷണർ എൻ.വാസുവാണ് ദില്ലിയിൽ ക്യാംപ് ചെയ്ത് ദേവസ്വം അഭിഭാഷകനുമായി ചർച്ചകൾ നടത്തിയത്. ഈ സാഹചര്യത്തിലാണ് ദേവസ്വം കമ്മീഷണറോട് ബോർഡ് പ്രസിഡൻറ് വിശദീകരണം തേടിയത്. ‘സുപ്രീംകോടതിയിൽ സാവകാശ ഹർജി കൊടുക്കാനാണ് ആവശ്യപ്പെട്ടത്. പിന്നെ എന്താണ് സംഭവിച്ചത് എന്നത് ദേവസ്വം കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയിട്ട് പ്രതികരിക്കാം” – ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവേ പത്മകുമാർ പറഞ്ഞു.

സാവകാശ ഹർജിയെ കുറിച്ച് യാതൊരു പരാമർശവും സുപ്രീംകോടതിയിൽ നടത്താത് ആണ് ദേവസ്വം ബോർഡ് അധ്യക്ഷനെ അസ്വസ്ഥതപ്പെടുത്തുന്നത്. ദേവസ്വം ബോർഡ് വിശ്വാസികളെ വഞ്ചിച്ചുവെന്ന രീതിയിൽ വരുന്ന വിമർശനങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡൻറ് അതൃപ്തനാണ്. ഇന്ന് കോട്ടയം ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ ചടങ്ങിൽ പങ്കെടുക്കേണ്ട അദ്ദേഹം പ്രതിഷേധമുണ്ടായേക്കാനുള്ള സാധ്യത കണക്കിലെടുത്ത് അങ്ങോട്ടുള്ള യാത്ര മാറ്റിവച്ചിരുന്നു. വിശ്വാസികളുടെ വിമർശനത്തിൻറെ കേന്ദ്രബിന്ദുവായി മാറുന്ന അവസ്ഥ ബോർഡ് പ്രസിഡൻറിനെ അലോസരപ്പെടുത്തുന്നുണ്ട്. യുവതീപ്രവേശന വിഷയത്തിലെ എൻ.പത്മകുമാറിൻറെ നിലപാടുകളിൽ സർക്കാരിന് കടുത്ത അതൃപ്ചതിയുണ്ടെന്ന തരത്തിൽ നേരത്തെ തന്നെ വാർത്തകൾ വന്നിരുന്നു.

അതേസമയം, സുപ്രീകോടതിയിൽ ദേവസ്വം ബോർഡ് സ്വീകരിക്കേണ്ട നിലപാടിൻറെ കാര്യത്തിൽ സർക്കാർ ഇടപെടൽ ഉണ്ടായെന്നാണ് സൂചന. ദില്ലിയിലുണ്ടായിരുന്ന ദേവസ്വംബോർഡ് കമ്മീഷണറാണ് കോടതിയിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച വിവരങ്ങൾ അഭിഭാഷകനുമായി ചർച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യത്തിൽ സജീവമായി ഇടപെട്ടു എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം ദേവസ്വം ബോർഡിൻറെ നിലപാട് മാറ്റത്തിന് പിന്നാലെ പ്രതിഷേധം ഭയന്ന് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റ ചടങ്ങുകളിൽ നിന്നും ദേവസ്വം ബോർഡ് പ്രസിഡൻറും മെംബർമാരും വിട്ടു നിന്നു. ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ.പത്മകുമാർ ഔദ്യോഗിക കാറിൽ നിന്നും ബോർഡ് എടുത്തുമാറ്റിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്.