play-sharp-fill
48 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ; രാജ്യം സ്തംഭിക്കും; എടിഎമ്മുകൾ കാലിയാകും

48 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ; രാജ്യം സ്തംഭിക്കും; എടിഎമ്മുകൾ കാലിയാകും


സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ രാജ്യത്തെമ്പാടും നടത്തുന്ന 48 മണിക്കൂർ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിക്കും. മോദി സർക്കാരിന്റ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് സംയുക്ത സമര സമിതി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

റെയിൽവെ, ബാങ്ക്, വൈദ്യുതി ബോർഡ് ജീവനക്കാർ, ഓട്ടോ – ടാക്‌സി തൊഴിലാളികൾ തുടങ്ങിയവർ പണിമുടക്കിൽ പങ്കെടുക്കും. കർഷകരും കർഷകത്തൊഴിലാളികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടത് കർഷക സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഉപരോധവും പ്രതിഷേധ പ്രകടനങ്ങളും നടത്തുമെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 48 മണിക്കൂർ ഗ്രാമീൺ ബന്ദിന് കിസാൻ സഭ ആഹ്വാനം ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണുമുടക്കിൽ ഭാഗമായി എല്ലാ പ്രധാന റെയിൽ സ്റ്റേഷനുകളിലും പിക്കറ്റിംഗ് നടത്തും. കേന്ദ്ര -സംസ്ഥാന ജീവനക്കാർ, ബാങ്കിംഗ്- ഇൻഷുറൻസ് മേഖല, ബിഎസ്എൻഎൽ ജീവനക്കാർ, തുടങ്ങിയവർ പണിമുടക്കുന്നുണ്ട്. രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ എന്ന വാഗ്ദാനം കേന്ദ്രസർക്കാർ പാലിച്ചില്ല, വർദ്ധിച്ചുവരുന്ന വിലക്കയറ്റം, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ, ജിഎസ്ടിയെത്തുടർന്ന് ചെറുകിട മേഖലയ്ക്കുണ്ടായ തകർച്ച തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. കാർഷിക വായ്പ എഴുതി തള്ളുമെന്നതടക്കമുള്ള ആവശ്യങ്ങളുമായി 48 മണിക്കൂർ ഗ്രാമീൺ ഭാരത് ബന്ദിന് കിസാൻ സഭയും ആഹ്വാനം ചെയ്തിട്ടുണ്ട്.

പണിമുടക്കിൽ ജനജീവിതം കേരളത്തിൽ സ്തംഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ശബരിമല വിഷയത്തിൽ ശബരിമല കർമ്മസമിതി നടത്തിയ ഹർത്താലിന് പിന്നാലെയെത്തുന്ന പണിമുടക്കിൽ പക്ഷെ വ്യാപാരി വ്യവസായികൾ കടകൾ തുറന്നു പ്രവർത്തിക്കും. എടിഎമ്മുകൾ കാലിയാകാൻ സാധ്യതയുണ്ട്. പണിമുടക്കിൽ സിഐടിയു, ഐൻടിയുസി എന്നിവയടക്കം 19 യൂണിയനുകൾ അണിനിരക്കും. കെഎസ്ആർടിസി, സ്വകാര്യ ബസ്, ഓട്ടോ-ടാക്‌സികൾ മുതലായവ പണിമുടക്കിൽ പങ്കെടുക്കും. വാഹനങ്ങളില്ലാത്തതിനാൽ ഓഫീസുകളും പ്രവർത്തിക്കുക ബുദ്ധിമുട്ടാകും. പാൽ, പത്രം എന്നിവയെ പണിമുടക്കിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

ശബരിമല വിഷയത്തെ തുടർന്ന് സംസ്ഥാനത്ത് അടിക്കടിയുണ്ടായ ഹർത്താലുകൾക്ക് പിന്നാലെയാണ് ദേശീയ പണിമുടക്ക്, 19ഓളം തൊഴിലാളി യൂണിയനുകൾ പങ്കെടുക്കുന്നതിനാൽ പണിമുടക്ക് ഹർത്താലിന് സമാനമായി മാറാനാണ് സാധ്യത. പണിമുടക്കിന്റെ ഭാഗമായി ഒരുതരത്തിലുള്ള ബല പ്രയോഗങ്ങളും ഉണ്ടാകില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.