ധീരജ് വധം: പ്രതികളെ 25 വരെ റിമാൻഡ് ചെയ്തു; കൊലപാതകം ആസൂത്രിതമാണെന്നും സംഘമായാണ് പ്രതികൾ എത്തിയതെന്നും റിമാൻഡ് റിപ്പോർട്ട്

ധീരജ് വധം: പ്രതികളെ 25 വരെ റിമാൻഡ് ചെയ്തു; കൊലപാതകം ആസൂത്രിതമാണെന്നും സംഘമായാണ് പ്രതികൾ എത്തിയതെന്നും റിമാൻഡ് റിപ്പോർട്ട്

സ്വന്തം ലേഖകന്‍
കട്ടപ്പന: പൈനാവ് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ ഈ മാസം ഇരുപത്തിയഞ്ച് വരെ കട്ടപ്പന ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

പ്രതികളായ യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം . പ്രസിഡന്റ് നിഖില്‍ പൈലി, ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോ എന്നിവരെ മുട്ടം ജയിലിലേക്കു മാറ്റി. കൊലപാതകം ആസൂത്രിതമാണെന്നാണും സംഘമായാണ് പ്രതികള്‍ എത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കും. പ്രതികളെ കൊണ്ടുവന്ന കോടതി പരിസരത്ത് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. പ്രതികളുമായെത്തിയ വാഹനം തടയാനും ശ്രമമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയ വിരോധമാണു കൊലയ്ക്കു കാരണമെന്നു പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു.

ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്‍ തിങ്കളാഴ്ച ഉച്ചയ്ക്കാണ് കുത്തേറ്റു മരിച്ചത്. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്കു നയിച്ചത്.

സംഭവ ദിവസം യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബന്ധുവായ കെ.എസ്.യു നേതാവിന് പിന്തുണയുമായാണ് ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ പോയതെന്ന് അറസ്റ്റിലായ മുഖ്യ പ്രതി നിഖില്‍ പൈലി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

താനടക്കമുള്ളവരെ എസ്.എഫ്.ഐക്കാര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചപ്പോള്‍ മറ്റ് മാര്‍ഗമില്ലാതെ കുത്തുകയായിരുന്നു. ഇതിനുശേഷം കരിമ്പനില്‍നിന്ന് ബസ് കയറി എറണാകുളത്തേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതിയെന്നും ഇയാള്‍ മൊഴി നല്‍കി. കാമ്പസിന് പുറത്ത് നില്‍ക്കുമ്പോള്‍ സംഘര്‍ഷം ഉണ്ടായത് കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നെന്നാണ് മറ്റൊരു പ്രതി ജെറിന്‍ ജോജോയുടെ മൊഴി.

എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ നേര്യമംഗലത്തിന് സമീപം കരിമണലില്‍വെച്ച് യാത്രക്കാര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നിഖിലിനെ ബസില്‍നിന്ന് പിടികൂടിയത്.

കത്തിയുള്‍പ്പെടെ തൊണ്ടിമുതലുകള്‍ കണ്ടെടുക്കാന്‍ എന്‍ജിനീയറിങ് കോളജിനും ജില്ലാ പഞ്ചായത്തിനുമിടയിലുള്ള വനത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. കൂടുതല്‍ തെളിവെടുപ്പിനും കത്തി കണ്ടെടുക്കാനുമായി പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.