ധർമ്മസ്ഥല വെളിപ്പെടുത്തൽ; മൂന്നാം ദിനത്തിലെ പരിശോധനയിൽ നിർണായക തെളിവ്; അസ്ഥികൂടങ്ങള്‍ കണ്ടെത്തി

Spread the love

ബെം​ഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്തെ മൂന്നാം ദിവസത്തിലെ പരിശോധനയിൽ നിർണായക തെളിവ് കണ്ടെത്തി. അസ്ഥികൂടങ്ങള്‍ കണ്ടെത്തിയെന്ന് വിവരം. സ്പോട്ട് നമ്പർ ആറിൽ നിന്നാണ് അസ്ഥികൂടത്തിൻ്റെ ഭാഗം കണ്ടെത്തിയത്. ഇന്നത്തെ തെരച്ചിലിലാണ് അവശിഷ്ടം കണ്ടെത്തിയത്. ഇത് മനുഷ്യന്‍റെ അസ്ഥിയാണോ എന്ന് അറിയാന്‍ വിശദമായ പരിശോധന വേണമെന്ന് അന്വേഷണ സംഘം അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി അഞ്ച് പോയന്‍റുകളിൽ നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്ടമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ഇന്നലെ എസ്ഐടി തലവൻ പ്രണബ് മൊഹന്തി ബെംഗളുരുവിൽ നിന്ന് ധർമസ്ഥലയിൽ നേരിട്ടെത്തി കാടിനകത്ത് കുഴിച്ച് നോക്കിയ പോയന്‍റുകളിൽ നേരിട്ട് പരിശോധന നടത്തിയിരുന്നു. സാക്ഷി പറഞ്ഞതനുസരിച്ച് അന്വേഷണസംഘം അതിര് കെട്ടി സുരക്ഷിതമാക്കിയ എട്ട് പോയന്‍റുകളാണ് ഇനി ബാക്കിയുള്ളത്. ഇതിൽ ഇനി മൂന്നെണ്ണം കാടിനുള്ളിലാണ്.

നാല് പോയന്‍റുകൾ നേത്രാവതി നദിയോട് ചേർന്നുള്ള ദേശീയപാതയിലാണ്. മറ്റൊന്ന് നേത്രാവതി സ്നാനഘട്ടത്തിൽ നിന്ന് ആജുകുരിയിലേക്ക് പോകുന്ന ചെറുറോഡിലാണ്. കന്യാടി എന്നയിടത്തെ സ്വകാര്യഭൂമിയിലും രണ്ട് പോയന്‍റുകളുണ്ട് എന്ന് ശുചീകരണത്തൊഴിലാളി പറ‌ഞ്ഞെങ്കിലും അവിടെ പരിശോധിക്കാൻ എസ്ഐടിക്ക് പ്രത്യേക അനുമതി വേണ്ടി വരും. ഓരോ പോയന്‍റിലും സാക്ഷി ആവശ്യപ്പെടുന്നതിലും കൂടുതൽ ചുറ്റളവിലാണ് അന്വേഷണസംഘം കുഴിച്ച് പരിശോധിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group