ചിന്നയ്യയുടെ അക്കൗണ്ടിലേക്ക് 6 മാസം മുൻപ് 3 ലക്ഷം രൂപ അയച്ച 11 പേർക്ക് നോട്ടീസ്; ധർമ്മസ്ഥല കേസിൽ വ്യാജ അന്വേഷണം ഊർജിതം

Spread the love

തെലങ്കാന: ധ‍ർമസ്ഥലയിൽ വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താൻ അന്വേഷണം ഊ‍‍ർജിതമാക്കി പ്രത്യേക അന്വേഷണ സംഘം. ആറ് മാസങ്ങൾക്ക് മുൻപ് 3 ലക്ഷം രൂപ കൈമാറിയ 11 പേർക്ക് എസ്ഐടി നോട്ടീസയച്ചു. ആംസ് ആക്ട് പ്രകാരമെടുത്ത കേസിൽ അറസ്റ്റിനുള്ള സാധ്യതകൾ ഏറിയതോടെ ധർമസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് തിമരോടി മുൻകൂർ ജാമ്യം തേടി.

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ അന്വേഷണം വീണ്ടും ഊർജ്ജിതമാക്കുകയാണ് പ്രത്യേക അന്വേഷണസംഘം. ബംഗലെഗുഡെ വനത്തിൽ കഴിഞ്ഞാഴ്ച നടത്തിയ തെരച്ചിലിൽ 7 തലയോട്ടികൾ ലഭിച്ചിരുന്നു. ഇത് എഫ്എസ്എൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിനിടയിൽ തന്നെയാണ് വ്യാജ വെളിപ്പെടുത്തൽ കേസിലെ അന്വേഷണം വീണ്ടും സജീവമാക്കുന്നത്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ ചിന്നയ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 3 ലക്ഷം രൂപ വന്നെത്തിയതായി കണ്ടെത്തിയിട്ടുണ്ട്. തിമരോടിയുമായും മട്ടന്നവരുമായും ബന്ധമുള്ളവരിൽ നിന്നാണ് ഈ പണം ലഭിച്ചിരിക്കുന്നത്. യുപിഐ പെയ്മെന്റുകൾ വഴി പണം കൈമാറിയ 11 പേർക്ക് എസ് ഐ ടി നോട്ടീസ് നൽകിയിട്ടുണ്ട്.

ആറുപേരെ ഇതിനോടകം ചോദ്യം ചെയ്തു. എന്തിന് പണം കൈമാറി എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചാൽ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഢാലോചന കണ്ടെത്താനാകുമെന്ന കണക്കുകൂട്ടലിലാണ് എസ്ഐടി. ഇതിനിടയിൽ മഹേഷ് തിമരോടിക്കെതിരായ നടപടിയും എസ്ഐടി കടുപ്പിക്കുകയാണ്. തിമരോടിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ തോക്കിന്റെ, ലൈസൻസ് ഹാജരാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ആദ്യ നോട്ടീസ് അവഗണിച്ച സാഹചര്യത്തിൽ, രണ്ടാമതൊരു നോട്ടീസ് കൂടി നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആംസ് ആക്ട് പ്രകാരം എടുത്ത കേസിൽ ലൈസൻസ് ഹാജരാക്കിയില്ലെങ്കിൽ തിമരോടി അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും. ഇത് ഒഴിവാക്കാൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ് തിമരോടി. ഇതിനിടെ മഹേഷ് തിമരോടിയുടെ മൊബൈൽ ഫോണുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്ന ഗിരീഷിനെ തുടരെ രണ്ടാം ദിവസവും ചോദ്യം ചെയ്യുകയാണ് പ്രത്യേക അന്വേഷണ സംഘം.