
ബംഗളൂരു : ദക്ഷിണ കന്നഡ ജില്ലയില്‍ ധർമ്മസ്ഥലയിലെ തെരച്ചില്‍ വീണ്ടും ട്വിസ്റ്റ്. കണ്ടെത്തിയ 7 തലയോട്ടികളും പുരുഷന്മാരുടേതെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിക്കുന്നത്.
പ്രാഥമിക പരിശോധനയില്‍ ഇത് സ്ഥിരീകരിക്കുന്നുവെന്നും പ്രത്യേക അന്വേഷണ സംഘത്തിന് ഒപ്പമുള്ള ഡോക്ടർ മാധ്യമങ്ങളോട് വിശദീകരിച്ചു. ഒരു തലയോട്ടി 7 വർഷം മുമ്പ് കുടകില്‍ നിന്ന് കാണാതായ ആളുടേതാണെന്ന് സംശയിക്കുന്നു. തിരിച്ചറിയല്‍ കാർഡിനൊപ്പം കണ്ടെത്തിയ വാക്കിങ് സ്റ്റിക്ക് അയ്യപ്പയുടേതാണ്. തലയോട്ടിയും അസ്ഥികളും വിദഗ്ധ പരിശോധനയ്ക്ക് അയക്കും. ബംഗ്ലെഗുഡയിലെ തെരച്ചില്‍ ഇന്നും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച അഞ്ച് തലയോട്ടികളും വ്യാഴാഴ്ച രണ്ട് അസ്തികൂടവുമാണ് കണ്ടെടുത്തത്. ഏകദേശം ഒരു വർഷം പഴക്കമുള്ള തലയോട്ടികളാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് പരിശോധനയിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും അധികൃതർ പറഞ്ഞു. ഈ മരണങ്ങള്‍ ആത്മഹത്യകളാകാനാണ് സാധ്യതയെന്നും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസിന്റെയും വനംവകുപ്പിന്റെയും സഹായത്തോടെയാണ് ആന്റി-നക്സല്‍ ഫോഴ്സ് 12 ഏക്കറോളം വരുന്ന വനമേഖലയില്‍ തിരച്ചില്‍ നടത്തുന്നത്. കേസിലെ പരാതിക്കാരനായ സി.എൻ. ചിന്നയ്യയെ വ്യാജമൊഴി നല്‍കിയതിന് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. വ്യാഴാഴ്ച അദ്ദേഹത്തെ ബല്‍ത്തങ്ങാടി കോടതിയില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. അടുത്തതായി സെപ്റ്റംബർ 23-ന് കോടതിയില്‍ ഹാജരാക്കും.
അതിനിടെ, ധർമ്മസ്ഥലയില്‍ മൃതദേഹങ്ങള്‍ മറവ് ചെയ്തതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സ്വതന്ത്ര വിവരങ്ങളുണ്ടെങ്കില്‍ അത് രേഖപ്പെടുത്താൻ കർണാടക ഹൈക്കോടതി ഹർജിക്കാരോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ നേതൃത്വത്തിലുള്ള ബഞ്ച് കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 26-ലേക്ക് മാറ്റി.