
ബംഗളൂരു : ധർമസ്ഥല തിരോധാന കേസില്‍ വൻ വഴിത്തിരിവ്. മകളെ കാണാനില്ലെന്ന് പരാതി നല്‍കിയത് ഭീഷണിക്ക് വഴങ്ങിയാണെന്ന വെളിപ്പെടുത്തലുമായി സുജാത ഭട്ട് രംഗത്ത്. അനന്യ ഭട്ട് എന്ന മകള്‍ ഉണ്ടായിരുന്നുവെന്നും മകളെ കാണാതായി എന്നുമുള്ള അവകാശവാദം നുണയായിരുന്നുവെന്ന് സുജാത ഭട്ട് വെളിപ്പെടുത്തി. ധർമസ്ഥല തിരോധാന കേസുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വെളിപ്പെടുത്തലുകളില്‍ ഒന്നായിരുന്നു അനന്യ ഭട്ട് എന്ന മകളെ 2003 മുതല്‍ കാണാതായി എന്ന സുജാത ഭട്ടിന്‍റെ തുറന്നുപറച്ചില്‍.
മണിപ്പാല്‍ കസ്തൂർബ മെഡിക്കല്‍ കോളജില്‍ പഠിച്ചിരുന്ന കുട്ടി, സുഹൃത്തുക്കള്‍ക്കൊപ്പം ടൂർ പോയിരുന്നുവെന്നും അതിനുശേഷം കാണാതായി എന്നുമായിരുന്നു പരാതി. കേസ് എസ്‌ഐടി ഏറ്റെടുത്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ അനന്യ ഭട്ട് എന്നപേരില്‍ ഒരാളും കോളജില്‍ പഠിച്ചിരുന്നില്ലെന്ന് കണ്ടെത്തി. ഇക്കാര്യം കോളജ് അധികൃതരും സ്ഥിരീകരിച്ചു. ഇതിനിടെയാണ് സുജാത ഭട്ടിന്‍റെ പുതിയ വെളിപ്പെടുത്തല്‍. ഭീഷണിക്കും സമ്മർദത്തിനും വഴങ്ങിയാണ് താൻ ഇക്കാര്യം പറഞ്ഞതെന്നാണ് സുജാത പറയുന്നത്.
സുജാതയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്‌ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുജാത ഭട്ട് എസ്‌ഐടി സംഘത്തെ അറിയിച്ചു. സുഖമില്ലാത്തതിനാല്‍ മറ്റൊരു ദിവസം ഹാജരാകാമെന്നാണ് സുജാത ഭട്ട് അറിയിച്ചിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group



