
തെലങ്കാന: ധർമസ്ഥലയില്‍ വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം.
ആറ് മാസങ്ങള്‍ക്ക് മുൻപ് 3 ലക്ഷം രൂപ കൈമാറിയ 11 പേർക്ക് എസ്‌ഐടി നോട്ടീസയച്ചു. ആംസ് ആക്‌ട് പ്രകാരമെടുത്ത കേസില്‍ അറസ്റ്റിനുള്ള സാധ്യതകള്‍ ഏറിയതോടെ ധർമസ്ഥല ആക്ഷൻ കൗണ്‍സില്‍ പ്രസിഡന്റ് മഹേഷ് തിമരോടി മുൻകൂർ ജാമ്യം തേടി.
ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ അന്വേഷണം വീണ്ടും ഊർജ്ജിതമാക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. ബംഗലെഗുഡെ വനത്തില്‍ കഴിഞ്ഞാഴ്ച നടത്തിയ തെരച്ചിലില്‍ 7 തലയോട്ടികള്‍ ലഭിച്ചിരുന്നു. ഇത് എഫ്‌എസ്‌എല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതിനിടയില്‍ തന്നെയാണ് വ്യാജ വെളിപ്പെടുത്തല്‍ കേസിലെ അന്വേഷണം വീണ്ടും സജീവമാക്കുന്നത്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ ചിന്നയ്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 3 ലക്ഷം രൂപ വന്നെത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
തിമരോടിയുമായും മട്ടന്നവരുമായും ബന്ധമുള്ളവരില്‍ നിന്നാണ് ഈ പണം ലഭിച്ചിരിക്കുന്നത്. യുപിഐ പെയ്മെന്റുകള്‍ വഴി പണം കൈമാറിയ 11 പേർക്ക് എസ് ഐ ടി നോട്ടീസ് നല്‍കിയിട്ടുണ്ട്.