ജേക്കബ് തോമസ് സർവ്വീസിലേക്ക് : തിരിച്ചെടുക്കാൻ ആഭ്യന്തര വകുപ്പിന്റെ ശുപാർശ
തിരുവനന്തപുരം: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ തീരുമാനം. ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന ശുപാര്‍ശയോടെ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ്‌സെക്രട്ടറിക്ക് കൈമാറി. അന്തിമ തീരുമാനം മുഖ്യമന്ത്രിയായിരിക്കും. സര്‍വീസില്‍ തിരികെ എടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെ അപ്പീല്‍ പോകേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
ജേക്കബ് തോമസിന്റെ സ്വയം വിരമിക്കല്‍ അപേക്ഷ പരിഗണിക്കാനാവില്ലെന്നു കേന്ദ്രം കഴിഞ്ഞ ദിവസം സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഡിജിപി റാങ്കിലുള്ള സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസിനെ സസ്‌പെന്‍ഷനില്‍ ഏറെക്കാലം പുറത്തു നിറുത്താനാകില്ലെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ വിധിയെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്നുള്ള ശുപാര്‍ശ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയത്. ചീഫ് സെക്രട്ടറിക്കു കൈമാറിയ ഫയലില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും.
കേരള കേഡറിലെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മാസം മുതല്‍ സസ്‌പെന്‍ഷനിലാണ്. 1985 ബാച്ചുകാരനായ ജേക്കബ് തോമസിന് ഒന്നര വര്‍ഷത്തെ സര്‍വീസ് ഇനിയും ബാക്കിയുണ്ട്. ഓഖി ദുരിതാശ്വാസത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരെ സംസാരിച്ചതിനെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ ആദ്യം സസ്‌പെന്‍ഡ് ചെയ്തത്
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന സര്‍ക്കാരിനെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിലൂടെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ആറ് മാസത്തിനു ശേഷം വീണ്ടും സസ്‌പെന്‍ഷന്‍ ലഭിച്ചു. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേടുകള്‍ നടത്തിയതിന്റെ പേരിലുള്ള അന്വേഷണത്തെ തുടര്‍ന്നായിരുന്നു മൂന്നാം തവണ സസ്‌പെന്‍ഷനിലായത്.