play-sharp-fill
ദേശീയപാത നിര്‍മ്മാണത്തിന്‍റെ മറവില്‍ ദേവികുളം ഗ്യാപ്പ് റോഡില്‍ പാറ ഖനനം; കരാര്‍ കമ്പനി 6.5 കോടി പിഴയൊടുക്കണം;  ഉത്തരവിറക്കി ഉടുമ്പന്‍ചോല തഹസില്‍ദാർ

ദേശീയപാത നിര്‍മ്മാണത്തിന്‍റെ മറവില്‍ ദേവികുളം ഗ്യാപ്പ് റോഡില്‍ പാറ ഖനനം; കരാര്‍ കമ്പനി 6.5 കോടി പിഴയൊടുക്കണം; ഉത്തരവിറക്കി ഉടുമ്പന്‍ചോല തഹസില്‍ദാർ

സ്വന്തം ലേഖിക

ഇടുക്കി: ദേശീയപാത നിര്‍മ്മാണത്തിന്‍റെ മറവില്‍ ദേവികുളം ഗ്യാപ്പ് റോഡില്‍ പാറ ഖനനം നടത്തിയ കരാര്‍ കമ്പനി 6.5 കോടി രൂപ പിഴ അടക്കാന്‍ ഉത്തരവ്.

ഈ മാസം അവസാനിക്കുന്നതിന് മുൻപ് റവന്യു വകുപ്പില്‍ പണമടക്കാന്‍ ഉടുമ്പന്‍ചോല തഹസില്‍ദാരാണ് ഉത്തരവിറക്കിയത്. കരാറുകാരായ ഗ്രീന്‍ വര്‍ത്ത് ഇന്‍ഫ്രാസട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡിനോടാണ് പിഴ അടക്കാന്‍ ആവശ്യപെട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചി ധനുഷ്കോടി ദേശിയ പാതയിലെ ദേവികുളം ഗ്യാപ്പ് റോഡില്‍ അനധികൃതമായി പാറ പൊട്ടിക്കുന്നുവെന്ന പരാതിയില്‍ 2021ലാണ് റവന്യുവകുപ്പു അന്വേഷണം തുടങ്ങിയത്.
ഉടുമ്പന്‍ചോല, ദേവികുളം താലൂക്ക് സര്‍വയര്‍മാര്‍ പരിശോധിച്ച്‌ സര്‍ക്കാര്‍ ഭൂമിയിലെ പാറ പൊട്ടിച്ചിട്ടുണ്ടെന്ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

തുടര്‍ന്ന് ഇടുക്കി കളക്ടറും ദേവികുളം സബ് കളക്ടറും വീണ്ടും പരിശോധന നടത്തി സ്ഥിരീകരിച്ചു. അതിനുശേഷമാണ് നഷ്ടം കണ്ടെത്തി നടപടിയെടുക്കാന്‍ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

സര്‍ക്കാര്‍ ഭൂമിയില്‍ നിന്നും കമ്പനി 6.28 ടണ്‍ പാറ പൊട്ടിച്ചുവെന്നാണ് റവന്യു വകുപ്പിന്‍റെ കണക്ക്. ഇതിന്‍റെ വിലയായ 3,14,17,000 രൂപയും ഇതെ മൂല്യത്തിലുള്ള നഷ്ടപരിഹാരവും നല്‍കാനാണ് ഇപ്പോഴത്തെ ഉത്തരവ്.

അതേസമയം സര്‍ക്കാര്‍ ഭൂമിയില്‍ കയറുകയോ പാറപൊട്ടിക്കുകയേ ചെയ്തിട്ടില്ലെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുകയാണ് കരാര്‍ കമ്പനി. എന്നാല്‍ ഇതില്‍ കൂടുതല്‍ തുകയുടെ പാറ പൊട്ടിച്ചിട്ടുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം.

അനധികൃത പാറഖനനത്തില്‍ നിര്‍മ്മാണ കമ്പനിക്കെതിരെ കേസെടുക്കാന്‍ കഴിഞ്ഞ ജുലൈയില്‍ നെടുങ്കണ്ടം മജിസ്ട്രേറ്റ് കോടതി ശാന്തന്‍പാറ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ കേസില്‍ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണ്.