ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധി; സുപ്രീംകോടതിയിൽ എ രാജ നൽകിയ അപ്പീലിൽ വെള്ളിയാഴ്ച വാദം കേൾക്കും
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഎമ്മിലെ എ രാജ നൽകിയ അപ്പീലിൽ സുപ്രീംകോടതി അടുത്ത വെള്ളിയാഴ്ച വിശദമായ വാദം കേൾക്കും. അടുത്ത തവണ ഹര്‍ജി പരിഗണിക്കുന്നതു വരെ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാജയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഔദ്യോഗിക രേഖകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയതെന്ന് രാജയുടെ അഭിഭാഷകർ വാദിച്ചു.
താൻ ഹിന്ദു പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണെന്നും തന്റെ പൂർവികർ 1950 ന് മുമ്പ് കേരളത്തിലേക്ക് കുടിയേറിയവരാണെന്നും രാജ ചൂണ്ടിക്കാട്ടി. രാജ ഹിന്ദു പട്ടികജാതിക്കാരനല്ലെന്നും, ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ആളാണെന്നുമാണ് ഹർജിക്കാരനായ യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്റെ ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചതെന്ന ഡി കുമാറിന്‍റെ ഹർജി അംഗീകരിച്ചാണ് ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. ക്രിസ്ത്യൻ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തിൽ മത്സരിക്കാൻ അർഹതയില്ലെന്നായിരുന്നു ഹർജിയിലെ പ്രധാനവാദം.
പരിവർത്തിത ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണെന്നും മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി എസ് ഐ പള്ളിയിൽ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും ഹർജിയിൽ കുമാർ ചൂണ്ടിക്കാട്ടിയിരുന്നു. രാജയുടെ വിവാഹം ക്രിസ്തീയ ആചാരപ്രകാരമാണ് നടന്നതെന്നും ഡി കുമാർ കോടതിയിൽ വ്യക്തമാക്കി. കുമാറിന്റെ വാദങ്ങൾ അംഗീകരിച്ചാണ് ഹൈക്കോടതി ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയത്.