തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞിട്ടില്ല’; രാമചന്ദ്രന് പിറകിൽ ഉണ്ടായിരുന്ന ആന തിരിഞ്ഞതോടെ ആളുകൾ ചിതറി ഓടി; ആളുകളുടെ തട്ടേറ്റാണ് പാപ്പാൻ രാമൻ വീണത്; വിശദീകരണവുമായി തെച്ചിക്കോട്ടുകാവ് ദേവസ്വം
സ്വന്തം ലേഖകൻ
പാലക്കാട്: പാടൂർ വേലയുടെ എഴുന്നള്ളിപ്പിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ട് ആഞ്ഞതിനെ ചൊല്ലി വിവാദം. ആന ഇടഞ്ഞു എന്ന പ്രചാരണത്തിന് പിന്നിൽ ബോധപൂർവമായ ഇടപെടൽ ഉണ്ടെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം പ്രസിഡന്റ് പി.ബി ബിനോയ് പറഞ്ഞു.
പിറകിലെ ആന തിരിഞ്ഞതോടെ ആളുകൾ ചിതറി ഓടുകയായിരുന്നെന്നും ആളുകളുടെ ചവിട്ടേറ്റാണ് തനിക്ക് പരിക്കേറ്റതെന്നും രാമചന്ദ്രന്റെ പാപ്പാൻ രാമൻ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി പാടൂർ വേലയ്ക്കിടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ മുന്നോട്ട് ആഞ്ഞത്. ഇതോടെ തിക്കിലും തിരക്കിലും പെട്ട് 2 പേർക്ക് പരിക്കേറ്റു. രാമചന്ദ്രൻ ഇടഞ്ഞുവെന്നാണ് പിന്നീട് പ്രചാരണമുണ്ടായത്. ഇത് നിഷേധിക്കുകയാണ് ദേവസ്വം. രാമചന്ദ്രന് പിറകിൽ ഉണ്ടായിരുന്ന ആന തിരിഞ്ഞതോടെ ആളുകൾ ചിതറി ഓടി.
ഇതിനിടയിൽ ആളുകളുടെ തട്ടേറ്റാണ് പാപ്പാൻ രാമൻ വീണത്. പാപ്പാൻ രാമനെ ആളുകൾ ചവിട്ടി. ഇത് കണ്ടാണ് രാമചന്ദ്രൻ രണ്ട് അടി മുന്നോട്ട് നീങ്ങിയതെന്നും ദേവസ്വം പ്രസിഡന്റ് പി.ബി ബിനോയ് പറഞ്ഞു.
ആനയെ ഇന്നലെ രാത്രി 9 മണിയോടെ തിരികെ തെച്ചിക്കോട്ടുകാവിൽ എത്തിച്ചുവെന്നും , തനിക്ക് പരിക്കേറ്റത് ആളുകളുടെ ചവിട്ട് മൂലമാണെന്നും പാപ്പാൻ രാമനും പ്രതികരിച്ചു. ആനയ്ക്ക് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്‌നവും ഇല്ലെന്നാണ് തെച്ചിക്കോട്ടുകാവ് ദേവസ്വത്തിന്റെ വിശദീകരണം.