
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്.
ബോര്‍ഡിനെ ചതിച്ച് അന്യായ ലാഭം ഉണ്ടാക്കണം എന്ന ഉദ്ദേശ്യം ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ശ്രീകോവിലിന് സമീപമുള്ള ദ്വാരപാലക ശില്പങ്ങളിലും തെക്കു-വടക്ക് മൂലകളില്‍ ഘടിപ്പിച്ചിട്ടുള്ളതുമായ സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പ് തകിടുകള്‍ കൈവശപ്പെടുത്താനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശ്രമിച്ചത്. തകിടുകള്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാമെന്ന് ദേവസ്വം അധികൃതര്‍ക്ക് വാഗ്ദാനം നല്‍കി ഉണ്ണികൃഷ്ണന്‍ പോറ്റി 2019 ജൂണ്‍17ന് അപേക്ഷ സമര്‍പ്പിച്ചു. ഇതിനുപിന്നാലെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജൂലൈയില്‍ ഉത്തരവിറക്കി. ജൂലൈ 19,20 തീയതികളില്‍ അര്‍ദ്ധരാത്രിയിലാണ് ദേവസ്വം അധികൃതര്‍ തകിടുകള്‍ ഇളക്കിയെടുത്ത് പോറ്റിയെ ഏല്‍പ്പിച്ചത്.
തകിടുകളുടെ മൊത്തം തൂക്കം 42.8 കിലോഗ്രാം ആയിരുന്നു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷനിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞിരുന്ന തകിടുകള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ആദ്യം കൊണ്ടുപോയത് ബംഗളൂരുവിലേക്കാണ്. പിന്നീട് പോയത് ഹൈദരാബാദിലേക്കാണ്. ആഗസ്റ്റ് 29നാണ് ദ്വാരപാലക പാളികള്‍ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിച്ചത്. അവിടെ എത്തിച്ചത് യഥാര്‍ത്ഥ പാളികളാണോ അതോ ഡ്യൂപ്ലിക്കേറ്റാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ചെന്നൈയില്‍ വെച്ച് 394.900 ഗ്രാം സ്വര്‍ണം മാത്രമാണ് പൂശിയത്. അതിനുശേഷം ബാക്കി സ്വര്‍ണം കൈവശപ്പെടുത്തി എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദ്വാരപാലക ശില്പങ്ങളും തകിടുകളും ചെന്നൈ, ബംഗളൂരു, കേരളം എന്നിവിടങ്ങളിലെ പല വീടുകളിലും ക്ഷേത്രങ്ങളിലും കൊണ്ടുചെന്ന് പൂജ നടത്തി ലാഭം ഉണ്ടാക്കി എന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു. സെപ്റ്റംബര്‍ ഒന്നിനാണ് പുതിയ പാളി സന്നിധാനത്ത് തിരികെ എത്തിച്ചത്. സ്വര്‍ണം പൂശി തിരികെ നല്‍കിയപ്പോള്‍ തകിടുകളുടെ തൂക്കം 38 കിലോ 258.1 ഗ്രാമായി കുറഞ്ഞു.
അന്വേഷണത്തില്‍, ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ ചെയ്ത മറ്റ് പ്രവൃത്തികളും സംഭാവനകളും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
ശബരിമലയിലെ കേടായ വാതില്‍ മാറ്റി പുതിയ വാതില്‍ നിര്‍മ്മിച്ച് സ്വര്‍ണം പൂശി നല്‍കി. എന്നാല്‍, ഈ നിര്‍മ്മാണ പ്രവര്‍ത്തിയുടെ യഥാര്‍ത്ഥ സ്‌പോണ്‍സര്‍ കര്‍ണാടക ബെല്ലാരി സ്വദേശിയായ ഗോവര്‍ധനന്‍ എന്ന ബിസിനസുകാരനാണെന്ന് വെളിപ്പെട്ടു. ശ്രീകോവിലിന്റെ കട്ടളയില്‍ പൊതിഞ്ഞ ചെമ്പുപാളികള്‍ സ്വര്‍ണം പൂശി നല്‍കിയതിന്റെ യഥാര്‍ത്ഥ സ്‌പോണ്‍സര്‍ ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ മലയാളി അജികുമാര്‍ ആണെന്നും വ്യക്തമായി.
2025 ജനുവരി ഒന്നാം തീയതി അന്നദാനം, പടിപൂജ, ഉദയാസ്തമന പൂജ, കളാഭിഷേകം എന്നിവ ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ നടത്തി. ഇത് ലാഭത്തിന് പ്രത്യുപകാരമായിട്ടായിരിക്കാം എന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
2019 കാലഘട്ടത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ബോര്‍ഡ് അധികൃതരുടെയും പങ്ക്, പ്രേരണ, ഗൂഢാലോചന എന്നിവയും അന്വേഷിക്കണമെന്നും എസ്പി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.