
കോട്ടയം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രഭൂമി സംരക്ഷിക്കുന്നതിലും രേഖകള്‍ കൃത്യമായി സൂക്ഷിക്കുന്നതിലും ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഓഡിറ്റ് റിപ്പോർട്ട്.
സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് ഉള്‍പ്പെടെ ബോർഡിന്റെ വിലയേറിയ ഭൂമി റെക്കോർഡുകളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.
ഭൂമി സംരക്ഷണത്തിനായി രൂപീകരിച്ച എസ്റ്റേറ്റ് ഡിവിഷൻ, അടിസ്ഥാനപരമായ ഭൂരേഖാ രജിസ്റ്റർ തയ്യാറാക്കുന്നതില്‍ പൂർണ്ണമായും പരാജയപ്പെട്ടു. 2020-21ലെ ഓഡിറ്റില്‍ വിവിധ ഗ്രൂപ്പ് ഓഫീസുകളിലെ ഭൂരേഖാ രജിസ്റ്ററുകളില്‍ വൻ ക്രമക്കേടുകള്‍ കണ്ടെത്തി. ബോർഡിന് സ്വന്തമായുള്ള 2,700 ഏക്കർ ഭൂമിയില്‍ നിന്ന് ഏകദേശം 500 ഏക്കറോളം നഷ്ടമായിട്ടുണ്ടെന്ന് നേരത്തെ ബോർഡ് തന്നെ നടത്തിയ വിശകലനത്തില്‍ വ്യക്തമായിരുന്നു.
പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന സമയത്ത് നഷ്ടപ്പെട്ട ഭൂരേഖകള്‍ കണ്ടെത്താനും കൈയേറ്റ ഭൂമി തിരിച്ചുപിടിക്കാനുമുള്ള ദൗത്യത്തിന് തുടക്കമിട്ടെങ്കിലും, പിന്നീട് അത് മുന്നോട്ട് പോയില്ല.
തിരുവനന്തപുരം ഒറ്റിസി ഹനുമാൻ ക്ഷേത്രത്തിന്റെ രേഖകളില്‍ റീസർവേ പ്രകാരമുള്ള ഭൂരേഖകള്‍ ചേർത്തിട്ടില്ല. ദേവസ്വം ഭൂ രജിസ്റ്ററും വഞ്ചിയൂർ വില്ലേജിലെ ടാക്സ് രജിസ്റ്ററും പരിശോധിച്ചപ്പോള്‍ 21.67 സെന്റ് ഭൂമി കാണാനില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാളയം വിനായക ക്ഷേത്രത്തില്‍ നിന്നും 2.42 സെന്റ് ഭൂമി കുറവുണ്ട്. നഗരത്തില്‍ ഉയർന്ന വിലയുള്ള ഈ പ്രദേശങ്ങളിലെ ഭൂമിയാണ് നഷ്ടമായത്. കൊട്ടാരക്കര ദേവസ്വത്തില്‍ കൈയേറ്റത്തിലൂടെ ഭൂമി നഷ്ടപ്പെട്ടു. ഇതുസംബന്ധിച്ച രേഖകളോ, കൈയേറ്റത്തിനെതിരെ എടുത്ത കേസുകളുടെ വിവരങ്ങളോ സൂക്ഷിച്ചിട്ടില്ല.
നഷ്ടപരിഹാരത്തിലെ തടസ്സം: ഹരിപ്പാട് ദേവസ്വത്തിന്റെ ഭൂരേഖകള്‍ കൃത്യമല്ലാത്തതിനാല്‍ ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുത്തപ്പോള്‍ ലഭിക്കേണ്ട നഷ്ടപരിഹാരം കിട്ടാൻ കാലതാമസമുണ്ടായി.
തുറവൂർ, കഠിനംകുളം, ആര്യങ്കാവ്, ആറന്മുള, ചെങ്ങന്നൂർ എന്നിവിടങ്ങളിലും ഭൂരേഖാ രജിസ്റ്ററുകള്‍ ഉടൻ ശരിയാക്കേണ്ടതുണ്ട്. ശാർക്കര ദേവസ്വത്തിന്റെ ഭൂരേഖാ രജിസ്റ്ററില്‍ 115 സെന്റിന്റെ അളവു വ്യത്യാസം കണ്ടെത്തി. ഒരേ രജിസ്റ്ററില്‍ തന്നെ വ്യത്യസ്തമായ അളവുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിളക്കാട് ദേവസ്വത്തില്‍ ഭൂ രജിസ്റ്റർ കൃത്യമായി സൂക്ഷിക്കുന്നില്ല. ഇവിടെ എല്ലാ ക്ഷേത്രങ്ങള്‍ക്കുമായി 64.30 ഏക്കർ ഭൂമിയുണ്ട്. കവലയൂർ ദേവസ്വത്തില്‍ എത്ര ഭൂമിയുണ്ടെന്ന് രേഖകള്‍ തന്നെ ലഭ്യമല്ല.
തൃക്കടവൂർ ദേവസ്വത്തില്‍ പുതുതായി വാങ്ങിയ ഭൂമിയുടെ വിവരങ്ങള്‍ ചേർത്തിട്ടില്ല. കൊറ്റൻകുളങ്ങരയ്ക്ക് കീഴിലുള്ള എല്ലാ ഭൂമിയുടെയും വിവരങ്ങള്‍ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ലക്ഷ്മിനട ദേവസ്വത്തിന്റെ 41.45 സെന്റ് ഭൂമി വില്ലേജ് രേഖയില്‍ ‘പുറമ്ബോക്ക്’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കുലശേഖരനല്ലൂർ ക്ഷേത്രത്തില്‍ വാങ്ങിയ ഭൂമി പ്രയോജനപ്പെടുത്താനാകാതെ കിടക്കുകയാണ്. പുല്ലമല സബ് ഗ്രൂപ്പില്‍ പല ദേവസ്വം ഭൂമിയും തെറ്റായി ‘പുറമ്പോക്ക്’ എന്ന് രേഖപ്പെടുത്തിപ്പോയിട്ടുണ്ട്.
അറുകാലിക്കല്‍ ദേവസ്വത്തിന്റെ 31 സെന്റ് ഭൂമി വില്ലേജ് രേഖയില്‍ ‘സർക്കാർ ഭൂമിയായി’ രേഖപ്പെടുത്തി. കൂടാതെ, ദേവസ്വം രേഖകളും റവന്യൂ രേഖകളുമായും അളവുകളില്‍ വ്യത്യാസമുണ്ട്. അറുകാലിക്കലില്‍ 6.8 സെന്റ്, വെള്ളാരക്കുന്ന് ദേവസ്വത്തില്‍ 4.52 ഏക്കർ, മായയക്ഷിക്കാവില് 47.7 സെന്റ് എന്നിവയാണ് രേഖാപരമായി കുറവുള്ള ഭൂമി. അച്ചൻകോവില്‍ ദേവസ്വത്തിന് ചെങ്കോട്ടയില്‍ 30 ഏക്കർ നെല്‍പ്പാടമുണ്ട്. ഇത് 34 പേർക്ക് പാട്ടത്തിന് നല്കിയിരിക്കുന്നു. എന്നാല്‍ ഇതിന്റെ പാട്ടം രജിസ്റ്റർ കൃത്യമായി സൂക്ഷിച്ചിട്ടില്ല. കവിയൂർ ദേവസ്വത്തിലെ രജിസ്റ്ററിന് 77 വർഷത്തെ പഴക്കമുണ്ട്. ഇവിടെ ഏകദേശം നാല് ഏക്കറോളം കൈയേറ്റഭൂമി തിരിച്ചുപിടിക്കേണ്ടതുണ്ട്. തെക്കുംകാവ് ദേവസ്വത്തില്‍ പഴയ ഭൂരേഖയില്‍ ഉണ്ടായിരുന്ന 2.48 ഏക്കർ ഭൂമി പുതിയ രേഖയില്‍ കാണുന്നില്ല.



