
പത്തനംതിട്ട: ശബരിമലയ്ക്ക് ഒരു കുഴപ്പം ഉണ്ടെന്നും ശബരിമലയുമായി ബന്ധപ്പെട്ട് എന്തുചെയ്താലും വിവാദമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്.
ഒരു രൂപയുടെ അഴിമതി പോലും നടത്താതെ ആണ് ദേവസ്വം ബോർഡ് പ്രസിഡന്‍റ് സ്ഥാനത്ത് ഇരിക്കുന്നത്. ഒരു കട്ടൻചായയുടെ പേരില്‍ പോലും അഴിമതി നടത്തിയിട്ടില്ല എന്ന ബോധ്യം ഉണ്ട്. ഇത് കൃത്യമായി അറിയാവുന്നത് കൊണ്ടാണ് സമുദായ നേതാക്കള്‍ പിന്തുണ നല്‍കുന്നതെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.
ശബരിമല ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ അന്നദാതാവ് ആണ്. ഒരുപാട് ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും 50 ല്‍ താഴെ മാത്രമാണ് സ്വയം പര്യാപ്തത ഉള്ളത്.
600 കോടിയോളം രൂപയാണ് ശബരിമലയില്‍ നിന്നുള്ള വരുമാനം. രണ്ടാം സ്ഥാനത്ത് ഉള്ള ഏറ്റുമാനൂർ ക്ഷേത്രത്തിന്‍റെ വരുമാനം 16 കോടി മാത്രമാണ്.
ശബരിമലയില്‍ കൂടുതല്‍ വികസനം ലക്ഷ്യമിട്ടാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്. ശബരിമല വികസനം മാത്രം ആണ് ബോർഡിന്‍റെ ലക്ഷ്യമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
എൻഎസ്‌എസ്, എസ്‌എൻഡിപി, കെപിഎംഎസ് അടക്കം നിരവധി സംഘടനകള്‍ ബോർഡിന് പിന്തുണ നല്‍കുന്നു. അവരൊക്കെ ദേവസ്വം ബോർഡിനോടോ സർക്കാരിനോടോ ഉള്ള താല്പര്യം കൊണ്ടല്ല, അവർ ഒക്കെ പിന്തുണയ്ക്കുന്നത് ശബരിമലയുടെ പ്രാധാന്യവും വികസനവും ലക്ഷ്യമിട്ടാണ്
ശബരിമലയിലെ സ്വർണ ശില്പം അറ്റകുറ്റ പണികള്‍ക്ക് കൊണ്ട് പോയത് എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്. സ്പെഷ്യല്‍ കമ്മിഷണറെ അറിയിക്കുന്നതില്‍ മാത്രം ആണ് കാലതാമസം ഉണ്ടായതെന്ന് പി എസ് പ്രശാന്ത് പറഞ്ഞു.