
സ്വന്തം ലേഖകൻ
നോയിഡ: എത്ര പ്രാർത്ഥിച്ചിട്ടും ഭാര്യയുടെയും കുഞ്ഞിന്റെയും അസുഖം മാറിയില്ല. ദൈവത്തോട് ദേഷ്യം തോന്നിയ യുവാവ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന വിഗ്രങ്ങൾ തകർത്തു. 27 കാരനായ വിനോദ് കുമാറാണ് ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങൾ തകർത്തത്. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെയാണ് ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന മൂന്ന് വിഗ്രഹങ്ങൾ തകർത്ത നിലയിൽ കണ്ടെത്തിയത്. സംഭവം അന്വേഷിച്ച പൊലീസ് പ്രതി വിനോദ് കുമാറിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഗ്രഹങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെടുത്തതായി പൊലീസ് വക്താവ് പറഞ്ഞു. കഴിഞ്ഞ മൂന്ന് നാല് വർഷമായി തന്റെ ഭാര്യയ്ക്കും അഞ്ച് വയസുള്ള കുട്ടിക്കും സുഖമില്ലെന്ന് ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് പറഞ്ഞു.
താൻ ദൈവത്തോട് പ്രാർത്ഥിച്ചെങ്കിലും അവരുടെ ആരോഗ്യം മെച്ചപ്പെട്ടില്ല. കഴിഞ്ഞ ദിവസം അടുത്ത ബന്ധുവും മരിച്ചു. ഇത് വിനോദിനെ കടുത്ത വിഷാദത്തിലാക്കി. ഇതാണ് വിഗ്രഹങ്ങൾ തകർക്കാൻ ഇയാളെ പ്രേരിപ്പിച്ചത്.
ചുറ്റികയും ഉളിയും ഉപയോഗിച്ചാണ് വിഗ്രഹങ്ങൾ തകർത്തത്. പ്രതിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 295 (ആരാധനാലയം അശുദ്ധമാക്കൽ) പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഇയാൾ ഇപ്പോൾ ജയിലിലാണെന്നും പൊലീസ് പറഞ്ഞു.