മൈലാപ്പൂരില്‍ ഡെങ്കിപ്പനി പടരുന്നു: ആശങ്കയില്‍ ജനം
കൊട്ടിയം: തൃക്കോവില്‍വട്ടം പഞ്ചായത്തില്‍പ്പെട്ട മൈലാപ്പൂരില്‍ ഡെങ്കിപ്പനി പടരുന്നു. ജനങ്ങൾ ആശങ്കയിൽ. പഞ്ചായത്തിലെ പത്തൊൻപതാം വാർഡില്‍ മൈലാപ്പൂര് ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിന് സമീപത്താണ് രോഗം പടരുന്നത്.
എസ്റ്റേറ്റില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ മാനദണ്ഡം പാലിക്കാതെ പ്രവർത്തിക്കുന്ന, പ്ലാസ്റ്റിക് മാലിന്യ കവറുകള്‍ വേർതിരിക്കുന്ന കമ്പനിയാണ് ഡെങ്കിപ്പനിയുടെ ഉറവിടമെന്ന് നാട്ടുകാർ പറയുന്നു. ഈ കാരണത്താൽ തന്നെ നിരവധി പേർക്ക് ആണ് ഡെങ്കിപ്പനി വന്നിട്ടുള്ളത്.ഇത് ജനങ്ങളെ വളരെ അധികം ബുദ്ധിമുട്ടിലാക്കുന്നു.
കമ്പനി മറ്റ് സ്ഥലങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യ കവറുകള്‍ തുറസായ സ്ഥലത്ത് വച്ചാണ് വേർതിരിക്കുന്നത്. ഈ കവറുകളിലും വൃത്തി ഇല്ലാത്ത സ്ഥലത്തും കെട്ടി നില്‍ക്കുന്ന വെള്ളത്തില്‍ നിന്നും ഉണ്ടാകുന്ന കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സ്ഥാപനത്തിന് പഞ്ചായത്ത് ലൈസൻസോ ഹെല്‍ത്തില്‍ നിന്നുള്ള സർട്ടിഫിക്കറ്റുകളോ ഒന്നും തന്നെയില്ല. ഇവിടെ ജോലി ചെയ്യുന്നവർക്കും യാതൊരു സുരക്ഷ മാനദണ്ഡവും ഇല്ല. കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്ക് മുൻപ് ഇങ്ങനെ കൂട്ടി ഇട്ടിരുന്ന മാലിന്യ കവറുകള്‍ കത്തി വലിയ തീപിടുത്തം ഉണ്ടായിരുന്നു.
എത്രയും വേഗം പഞ്ചായത്ത്, ഹെല്‍ത്ത് അധികാരികള്‍ ഈ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് വാർഡ് അംഗം എ. എം റാഫി പറഞ്ഞു. ഡെങ്കിപ്പനി പടർന്നതോടെ പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതരുടെ യോഗം വിളിച്ചതായും വിവരമുണ്ട്.