ഡൽഹിയിൽ മലയാളി വിദ്യാർത്ഥികളെ പൊലീസുകാരും അക്രമി സംഘവും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി: ഹിന്ദി സംസാരിക്കാത്തതിന്റെ പേരിലും മുണ്ടുടുത്തതിന്റെ പേരിലും അധിക്ഷേപിച്ചു: കേരള എംപിമാർ ഇടപെട്ടു.

Spread the love

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് മലയാളി വിദ്യാർത്ഥികളെ പൊലീസുകാരും അക്രമി സംഘവും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി.
മോഷണക്കുറ്റം ചുമത്തിയായിരുന്നു മർദ്ദനം. സാക്കിർ ഹുസൈൻ ഡല്‍ഹി കോളേജിലെ ഒന്നാം വർഷ പൊളിറ്റിക്കല്‍ സയൻസ് വിദ്യാർത്ഥികളായ കോഴിക്കോട് സ്വദേശി അശ്വന്ത് ഐ ടി, കാസർകോട്‌ സ്വദേശി സുധിൻ കെ എന്നിവരാണ് മർദ്ദനത്തിനിരയായത്. ബുധനാഴ്ച രാത്രി ചെങ്കോട്ടയ്ക്ക് സമീപമുള്ള മാർക്കറ്റില്‍ പോയപ്പോഴായിരുന്നു സംഭവം.

രാത്രി ഏഴുമണിയോടെ മൊബൈല്‍ഫോണും വാച്ചും വില്‍ക്കാനെന്ന പേരില്‍ ഒരാള്‍ യുവാക്കളുടെ അടുത്തെത്തുകയായിരുന്നു. വേണ്ടെന്നുപറഞ്ഞ്‌ ഇവർ അയാളെ തിരികെ അയച്ചു. കുറച്ചുസമയം കഴിഞ്ഞ് ആറംഗ സംഘവുമായി മടങ്ങിയെത്തിയ ഇയാള്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ വിദ്യാർത്ഥികളെ മർദ്ദിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരനോട് പരാതിപ്പെട്ടപ്പോള്‍ അയാളും അക്രമി സംഘത്തിനൊപ്പം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. ഒരാളുടെ ഫോണും തട്ടിയെടുത്തു.

ഹിന്ദിയില്‍ സംസാരിക്കാതെ ഇംഗ്ലീഷില്‍ സംസാരിച്ചതിന്റെ പേരില്‍ തല്ലിച്ചതച്ചെന്നും മുണ്ടുടുത്തതിന്റെ പേരില്‍ അധിക്ഷേപിച്ച്‌ മുഖത്ത് ചവിട്ടിയെന്നും ഫൈബർ ലാത്തികൊണ്ട് മർദ്ദിച്ചെന്നും വിദ്യാർത്ഥികള്‍ ആരോപിക്കുന്നുണ്ട്. അടുത്തുളള പൊലീസ് സ്റ്റേഷനിലെത്തി സംഭവം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ കേള്‍ക്കാൻ തയ്യാറായില്ലെന്ന് അശ്വന്ത് വ്യക്തമാക്കി. തുടർന്ന് സുധിനെയും സ്റ്റേഷനിലെത്തിച്ച്‌ മർദ്ദിച്ചു. 20,000 രൂപ നല്‍കിയാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന് പൊലീസ് പറഞ്ഞതായും യുവാക്കള്‍ ആരോപിക്കുന്നുണ്ട്.

കോളേജിലെ മുതിർന്ന വിദ്യാർത്ഥികളെത്തി ഉദ്യോഗസ്ഥരോട് സംസാരിച്ചതിനുശേഷമാണ് യുവാക്കളെ മോചിപ്പിച്ചത്. ഇവർ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. സംഭവത്തില്‍ ഡല്‍ഹി പൊലീസ് കമ്മിഷണർക്കും ദേശീയ മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി.

സംഭവത്തില്‍ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി ഡല്‍ഹി പൊലീസ് കമ്മിഷണർക്ക് കത്തയച്ചിട്ടുണ്ട്. ഹിന്ദി അറിയാത്ത വിദ്യാർത്ഥികള്‍ ഇംഗ്ലീഷില്‍ സംസാരിക്കാൻ ശ്രമിച്ചപ്പോള്‍ മർദ്ദിക്കുകയും കേരള രീതിയില്‍ മുണ്ടുടുത്തതിന്റെ പേരില്‍ വിദ്യാർത്ഥികളെ ആക്ഷേപിക്കുകയും ചെയ്യുന്നത് ആശങ്കാജനകമാണെന്നും ജോണ്‍ ബ്രിട്ടാസ് കത്തില്‍ ചുണ്ടിക്കാട്ടി. സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് വി ശിവദാസൻ എംപി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.