video
play-sharp-fill

ഡൽഹി നിയമസഭ: പുതിയ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്കും ദളിതർക്കും ശക്തമായ പ്രാതിനിധ്യം ഉണ്ടാകുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് പുറമെ ഉപമുഖ്യമന്ത്രിയും ഉണ്ടാകും: പർവേഷ് വർമ്മയുടെ പേരും സജീവം

ഡൽഹി നിയമസഭ: പുതിയ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്കും ദളിതർക്കും ശക്തമായ പ്രാതിനിധ്യം ഉണ്ടാകുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് പുറമെ ഉപമുഖ്യമന്ത്രിയും ഉണ്ടാകും: പർവേഷ് വർമ്മയുടെ പേരും സജീവം

Spread the love

ഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ആഗ്രഹിച്ച വിജയം കൊയ്‌തെങ്കിലും ഡല്‍ഹിയില്‍ സർക്കാരിനെ ആര് നയിക്കും എന്ന കാര്യത്തില്‍ തീരുമാനം എടുക്കാൻ ഇതുവരെയും ബിജെപിക്ക് കഴിഞ്ഞിട്ടില്ല.

അതിന്റെ ചർച്ചകള്‍ ഇപ്പോഴും രാജ്യതലസ്ഥാനത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നിരവധി ഉന്നതതല യോഗങ്ങള്‍ നടന്നെങ്കിലും പേരില്‍ അന്തിമ തീരുമാനം എടുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് ഇപ്പോള്‍ ഡല്‍ഹി മുഖ്യമന്ത്രി വിഷയത്തില്‍ ഒരു നിർണായക വിവരം പുറത്തുവരുന്നത്.

സുഷമ സ്വരാജിനും, ഷീല ദീക്ഷിതിനും ഏറ്റവും ഒടുവില്‍ അതിഷി മർലേനയ്ക്കും ശേഷം ഡല്‍ഹിയില്‍ ഒരു വനിതാ മുഖ്യമന്ത്രി കൂടി വരാനുള്ള സാഹചര്യമാണ് നിലവില്‍ വരുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടയിട്ടില്ലെങ്കിലും പുതുമുഖങ്ങളായ വനിതകളെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നതെന്നാണ് ലഭ്യമായ വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഎപിയുടെ ഒരു പതിറ്റാണ്ട് നീണ്ട ഭരണം അവസാനിപ്പിച്ചു കൊണ്ടാണ് ആകെയുള്ള 70 സീറ്റുകളില്‍ 48 എണ്ണവും നേടി ബിജെപി അധികാരം നേടിയത്. ഇതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വ്യക്തിക്ക് വേണ്ടി ചർച്ചകള്‍ ആരംഭിച്ചിരുന്നു. ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വനിതകളില്‍ ഒരാള്‍ക്ക് ഡല്‍ഹിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുവാനുള്ള സാധ്യത തെളിയുന്നുണ്ട്.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികരില്‍ നിന്നാണ് അടുത്ത ഡല്‍ഹി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയെന്ന് അടുത്ത വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. പ്രാതിനിധ്യം കുറഞ്ഞ പശ്ചാത്തലത്തില്‍ നിന്നുള്ള ഒരു ഉപമുഖ്യമന്ത്രിയെ നിയമിക്കുന്ന കാര്യവും ബിജെപി പരിഗണിക്കുന്നുണ്ട്. പുതിയ മന്ത്രിസഭയില്‍ സ്ത്രീകള്‍ക്കും ദളിതർക്കും ശക്തമായ പ്രാതിനിധ്യം ഉണ്ടാകുമെന്നും സൂചനകള്‍ വരുന്നുണ്ട്.

ബിജെപിയുടെ വിജയിച്ച സ്ഥാനാർത്ഥികളില്‍ നാല് വനിതാ നിയമസഭാംഗങ്ങള്‍ നല്ല ഭൂരിപക്ഷത്തോടെ മുന്നേറിയവരാണ്. രേഖാ ഗുപ്‌ത ഷാലിമാർ ബാഗില്‍ ആം ആദ്‌മി പാർട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. ശിഖ റോയ് ഗ്രേറ്റർ കൈലാഷില്‍ വിജയിച്ചത് എഎപിയുടെ മുതിർന്ന നേതാവ് സൗരഭ് ഭരദ്വാജിനെ 3188 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ്.

പൂനം ശർമ്മ വസീർപൂർ സീറ്റ് ഉറപ്പിച്ചത് എഎപിയുടെ രാജേഷ് ഗുപ്‌തയെ 11,425 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ്. നീലം പെഹല്‍വാൻ എഎപിയുടെ തരുണ്‍ കുമാറിനെ 29,009 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് നിയമസഭയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ഇവരില്‍ ആരെങ്കിലും ഒരാള്‍ ആവുമോ മുഖ്യമന്ത്രി എന്നാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം.

27 വർഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയില്‍ അധികാരത്തില്‍ തിരിച്ചെത്തിയ ബിജെപിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് മുതിർന്ന നേതാവ് പർവേഷ് വർമ അടക്കമുള്ളവരാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കഴിഞ്ഞ 12 വർഷമായി വെന്നിക്കൊടി പാറിച്ചിരുന്ന എഎപി കണ്‍വീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ തകർത്തെറിഞ്ഞാണ് വർമ ജയം നേടിയത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേരും പരിഗണിക്കുന്നുണ്ട്.