രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ച് കേന്ദ്രസര്‍ക്കാർ; ഭേദഗതി ചെയ്ത് ജയിൽ നിയമങ്ങൾ
ഡല്‍ഹി: കേന്ദ്ര സർക്കാരിൻ്റെ നിർണായക നീക്കം.രാജ്യത്തെ ജയിലുകളിലെ ജാതിവിവേചനം അവസാനിപ്പിച്ചു. ഇതിനായി ജയില്‍ നിയമങ്ങളിലും ചട്ടങ്ങളിലും കേന്ദ്രസർക്കാർ ഭേദഗതി വരുത്തി.ഇതോടെ പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജയിലുകളില്‍ നിലനിന്നിരുന്ന ജാതിവിവേചനത്തിന് അറുതിയാകുകയാണ്.
തടവുകാരെ ജാതിയടിസ്ഥാനത്തില്‍ തരംതിരിക്കുകയും ജോലിനിശ്ചയിക്കുകയും ചെയ്യുന്നതൊഴിവാക്കാനാണ് സർക്കാർ ജയില്‍ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതിവരുത്തിയിരിക്കുന്നത്.2016-ലെ മോഡല്‍ പ്രിസണ്‍ മാന്വലും 2023-ലെ മോഡല്‍ പ്രിസണ്‍സ് ആൻഡ് കറക്ഷണല്‍ സർവീസസ് നിയമവുമാണ് ഭേദഗതിചെയ്തത്.
2023-ലെ നിയമത്തില്‍ 55(എ) എന്ന പുതിയ വകുപ്പുചേർത്താണ് ജാതിവിവേചനം അവസാനിപ്പിക്കാൻ വ്യവസ്ഥവെച്ചത്.ഇതുപ്രകാരം ജയിലുകളില്‍ തടവുകാരെ ജാതിയടിസ്ഥാനത്തില്‍ തരംതിരിക്കാനോ വർഗീകരിക്കാനോ വിവേചനംകാട്ടാനോ പാടില്ല.പുതിയ നീക്കത്തിലൂടെ കേന്ദ്രസർക്കാർ തോട്ടിപ്പണി നിരോധനനിയമം ജയിലുകളിലും ബാധകമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2013-ലെ തോട്ടിപ്പണി നിരോധന പുനരധിവാസനിയമം ജയിലുകളിലും കറക്‌ഷൻ സ്ഥാപനങ്ങളിലും ബാധകമാക്കിയതോടെ ജയിലുകളിലെ സെപ്റ്റിക് ടാങ്കുകള്‍ തടവുകാരെ ഇറക്കി വൃത്തിയാക്കുന്നത് വിലക്കി. ജയിലുകളിലെ ജാതിവിവേചനം ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ ഒക്ടോബർ മൂന്നിലെ വിധിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നടപടി. സംസ്ഥാനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നിർദേശം നല്‍കി.