ദില്ലിയിലെ ശവകുടീരത്തിന് സമീപം നിർമ്മാണത്തിലിരുന്ന ദർഗ തകർന്നുവീണ് അപകടം ; അഞ്ചുപേർ കൊല്ലപ്പെട്ടു; 7 പേർ കുടുങ്ങിക്കിടക്കുന്നു ; പരിക്കേറ്റവരിൽ നാല് വയസ്സുള്ള കുട്ടിയും

Spread the love

ദില്ലി: ദില്ലിയിലെ ഹുമയൂൺ ശവകുടീരത്തിന് സമീപം നിർമ്മാണത്തിലിരുന്ന ദർഗ തകർന്നുവീണുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിച്ചു. മൂന്ന് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. അപകട സമയത്ത് 11 പേരാണ് ദർഗക്കുള്ളിൽ ഉണ്ടായിരുന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഞ്ച് പേരിൽ നാല് വയസുള്ള ഒരു കുട്ടിയുമുണ്ട്. റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നുവെന്ന് ദില്ലി ഫയർ സർവീസ് ഡിവിഷണൽ ഓഫീസർ മുകേഷ് വർമ വ്യക്തമാക്കി.

ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലും എൽ എൻ ജെ പി ആശുപത്രിയിലുമായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം ഹുമയൂണിൻ്റെ ശവകുടീരത്തോട് ചേർന്നല്ല അപകടം നടന്നതെന്ന് പുരാവസ്തു വകുപ്പ് വിഭാഗത്തിലെ ഉന്നതർ വിശദീകരിച്ചു. ഹുമയൂൺ ശവകുടീര സ്മാരകത്തിൻ്റെ മതിൽകെട്ടിന് പുറത്താണ് അപകടം ഉണ്ടായത്. ശവകുടീരത്തിന് യാതൊരു കേടുപാടും ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി.