
ആശുപത്രിയാക്കിയത് റെസിഡൻഷ്യല്‍ ഫ്ലാറ്റ് ; കെട്ടിടത്തില്‍ ആശുപത്രി പ്രവർത്തിക്കാനുള്ള അടിസ്ഥാന സൗകര്യം ഇല്ല; മുനിസിപ്പല്‍ കോർപ്പറേഷൻ ചട്ടങ്ങളും പാലിച്ചില്ല; ഡല്‍ഹിയിൽ കുട്ടികളുടെ ആശുപത്രിയിലെ തീപിടുത്തത്തില്‍ ഗുരുതര നിയമലംഘനങ്ങള്‍
ഡൽഹി: ഡല്‍ഹിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തി.
ആശുപത്രിയില്‍ അടിയന്തര സാഹചര്യത്തില്‍ പുറത്തിറങ്ങാൻ ഉള്ള വാതിലുകള്‍ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടികളെ പരിശോധിച്ചിരുന്ന ഡോക്ടർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി.
ഗുരുതരമായ വിവരങ്ങള്‍ പുറത്ത് വന്നതോടെ ചെറുകിട ആശുപത്രികളിലുമടക്കം ക്ലിനിക്കുകളിലും പരിശോധന കർശനമാക്കാനാണ് ആരോഗ്യ വകുപ്പിന്‍റെ തീരുമാനം. ഇതിനായി നടപടികള്‍ക്ക് ആരോഗ്യ വകുപ്പ് ശുപാർശ നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രി പ്രവർത്തിക്കാനുള്ള അടിസ്ഥാന സൗകര്യം കെട്ടിടത്തില്‍ ഇല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുനിസിപ്പല്‍ കോർപ്പറേഷൻ ചട്ടങ്ങളും പാലിച്ചില്ല. റെസിഡൻഷ്യല്‍ ഫ്ലാറ്റാണ് ആശുപത്രിയാക്കി മാറ്റിയത്. ലൈസൻസ് മാർച്ച് 31 ന് അവസാനിച്ചതെന്നും പൊലീസ് കണ്ടെത്തി.
അതേസമയം, തീപിടുത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി ഉടമ നവീൻ കിച്ചി അറസ്റ്റിലായിരുന്നു. ആശുപത്രിക്ക് തീപിടിച്ചതിന് പിന്നാലെ ഒളിവില്‍ പോയ നവീൻ കിച്ചിയെ ഡൽഹി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയിരുന്നു.
തീപിടിത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിക്കുകയും അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വിവേക് വിഹാറില്‍ ചട്ടങ്ങള്‍ പാലിക്കാതെ രണ്ട് നിലകളിലായി പ്രവർത്തിച്ചിരുന്ന ആശുപത്രിയിലാണ് അപകടം ഉണ്ടായത്.