
മിന്നല്‍ ബാറ്റിങുമായി ജോസ് ബട്‌ലര്‍ ; ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ 7 വിക്കറ്റിന്റെ അനായാസ വിജയം സ്വന്തം തട്ടകത്തില്‍ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്
അഹമ്മദാബാദ്: സെഞ്ച്വറി വക്കിലെത്തിയ മിന്നല്‍ ബാറ്റിങുമായി ജോസ് ബട്‌ലര്‍ കളം വാണ പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അനായാസം വീഴ്ത്തി ഗുജറാത്ത് ടൈറ്റന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 204 റണ്‍സ് വിജയ ലക്ഷ്യം ഗുജറാത്ത് നാല് പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 8 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. 7 വിക്കറ്റ് വിജയമാണ് ഗുജറാത്ത് ആഘോഷിച്ചത്.
54 പന്തില്‍ 11 ഫോറും 4 സിക്‌സും സഹിതം ബട്‌ലര്‍ 97 റണ്‍സുമായി പുറത്താകാതെ നിന്നു. താരത്തിനു സെഞ്ച്വറിയടിക്കാന്‍ സാധിക്കാത്തതു മാത്രമാണ് ഗുജറാത്തിനെ നിരാശപ്പെടുത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ഒരോവറില്‍ തുടരെ അഞ്ച് ഫോറുകള്‍ ബട്‌ലര്‍ തൂക്കി.
ഓപ്പണര്‍ സായ് സുദര്‍ശന്‍ 21 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 36 റണ്‍സ് കണ്ടെത്തി. 34 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 43 റണ്‍സെടുത്തു ബട്‌ലര്‍ക്കു കരുത്തുറ്റ പിന്തുണ നല്‍കി. രാഹുല്‍ തേവാടിയ നേരിട്ട മൂന്ന് പന്തുകളില്‍ ഒരോ സിക്‌സും ഫോറും സിംഗിളും കണ്ടെത്തി ജയം പൂര്‍ത്തിയാക്കി ബട്‌ലര്‍ക്കൊപ്പം പുറത്താകാതെ നിന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജയത്തോടെ ഗുജറാത്ത് ഒന്നാം സ്ഥാനത്തേക്ക് കയറി. ഡല്‍ഹി രണ്ടാം സ്ഥാനത്ത്. ഗുജറാത്ത്, ഡല്‍ഹി, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്ക് 10 പോയിന്റ് വീതം.
ഡല്‍ഹിക്കായി മുകേഷ് കുമാര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ 7 റണ്‍സില്‍ റണ്ണൗട്ടായി.
ടോസ് നേടി ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഡല്‍ഹി മികച്ച സ്‌കോറിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 8 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു.
കരുണ്‍ നായര്‍, കെഎല്‍ രാഹുല്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍, അശുതോഷ് ശര്‍മ എന്നിവര്‍ മികച്ച ബാറ്റിങ് പുറത്തെടുത്തു.
32 പന്തില്‍ 39 റണ്‍സെടുത്ത അക്ഷര്‍ ടോപ് സ്‌കോററായി. 19 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 37 റണ്‍സെടുത്ത അശുതോഷ് ശര്‍മയുടെ അതിവേഗ ബാറ്റിങ് ടീം സ്‌കോര്‍ 200നു അരികിലെത്തിച്ചു. അവസാന ഓവറിലെ അവസാന പന്ത് ഫോറടിച്ച് കുല്‍ദീപ് യാദവ് സ്‌കോര്‍ 200 കടത്തി.
മലയാളി താരം കരുണ്‍ നായര്‍ 18 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 31 റണ്‍സ് കണ്ടെത്തി. കെഎല്‍ രാഹുല്‍ 14 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സടിച്ചു. ട്രിസ്റ്റന്‍ സ്റ്റബ്‌സ് 21 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സ് കണ്ടെത്തി.
അഭിഷേക് പൊരേലിനൊപ്പം കരുണ്‍ നായരാണ് ഡല്‍ഹിക്കായി ഓപ്പണ്‍ ചെയ്തത്. പൊരേല്‍ 9 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 18 റണ്‍സെടുത്തു പുറത്തായി.
ഗുജറാത്ത് നിരയില്‍ പ്രസിദ്ധ് കൃഷ്ണ ബൗളിങില്‍ തിളങ്ങി. താരം 4 വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, അര്‍ഷാദ് ഖാന്‍, സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.