ഡൽഹിയിൽ ഭീകര സ്ഫോടനം 13 മരണം ; മരണസംഖ്യ ഉയർന്നേക്കും;കേരളത്തിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകി;എൻ.ഐ.എയും എൻ.എസ്.ജിയും ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലും ഉൾപ്പെടെ അന്വേഷണം തുടങ്ങി

Spread the love

ന്യൂഡൽഹി:ഡൽഹിയിൽ കാർബോംബ് സ്ഫോടനത്തിൽ മരണം 13 ആയി.ഇന്നലെ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിനടുത്ത് വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

video
play-sharp-fill

പരിക്കേറ്റ ഇരുപത്തിയഞ്ചിലധികം പേരിൽ പതിനഞ്ചോളം പേരുടെ നില അതീവ ഗുരുതരം. ഇവർ എൽ.എൻ.ജെ.പി ആശുപത്രിയിലാണ്. മരണസംഖ്യ ഉയരാൻ സാദ്ധ്യത.

8 പേർ മരിച്ചെന്നാണ്, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഔദ്യോഗികമായി പറഞ്ഞത്. കാറിൽ ഉണ്ടായിരുന്നവരുടെ ശരീരഭാഗങ്ങൾ പുറത്തേക്കു ചിതറിയതിനാൽ എത്രപേർ അതിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നിലും പിന്നിലും ഉണ്ടായിരുന്ന വാഹനങ്ങൾ കത്തിയമർന്നു. അവയിലെ യാത്രക്കാരും വഴിയാത്രക്കാരും ദുരന്തത്തിനിരയായി. മരിച്ചവരിൽ ഉത്തർപ്രദേശ് സ്വദേശി അശോക് കുമാറിനെ തിരിച്ചറിഞ്ഞു.

സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്നലിനു മുന്നിൽ നടുറോഡിൽ മെല്ലെ വന്നുനിന്ന കാർ പൊടുന്നനെ പൊട്ടിത്തെറിക്കുകയായിരുന്നു. ഐ.ഇ.ഡി സ്‌ഫോടനമാണ്.

ഹരിയാന രജിസ്ട്രേഷനുള്ള എച്ച്.ആർ 26 സി.ഇ 7674 കാറിന്റെ ഉടമ ഗുരുഗ്രാം സ്വദേശി മുഹമ്മദ് സൽമാനാണെന്ന് കണ്ടെത്തി. ഇയാൾ അടക്കം ചിലരെ കസ്റ്രഡിയിലെടുത്തിട്ടുണ്ട്. പുൽവാമയിലെ താരിഖ് എന്നയാൾക്ക് വിറ്റതായി ഇയാൾ മൊഴി നൽകിയെന്ന് അറിയുന്നു. ​സ്ഥലത്തു നിന്ന് ഒരു വെടിയുണ്ടയും കിട്ടി.

8 കാറുകൾ, നാല് റിക്ഷകൾ, ഇരുചക്ര വാഹനങ്ങൾ തുടങ്ങിയവ അഗ്നിഗോളങ്ങളായി. 20ൽപ്പരം അഗ്നിശമന സേനാ യൂണിറ്റുകൾ 7.29 ഓടെ തീ കെടുത്തി.

ഹരിയാനയിലെ ഫരീദാബാദിൽ 360 കിലോ അമോണിയം നൈട്രേറ്റും അത്യാധുനിക തോക്കുകളും കണ്ടെത്തിയതിനു പിന്നാലെയാണ് സ്‌ഫോടനമെന്നത് സംഭവത്തിന്റെ ഭീകരത വർദ്ധിപ്പിച്ചു.

ഡൽഹിയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടുക്കം രേഖപ്പെടുത്തി. സ്‌ഫോടനത്തിനു പിന്നാലെ രാജ്യമാകെ അതീവ ജാഗ്രത തുടരുകയാണ്.

കേരളത്തിലും കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. പ്രധാന കേന്ദ്രങ്ങളിൽ പൊലീസ് സുരക്ഷ കൂട്ടി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇന്നലെ രാത്രി പരിശോധന നടത്തി.