ഡൽഹി വിമാനത്താവളത്തില്‍ റണ്‍വേ നവീകരണം; ദിവസേനയുള്ള 114 വിമാനങ്ങള്‍ മൂന്ന് മാസത്തേക്ക് പറക്കില്ല

Spread the love

ന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 114 വിമാനങ്ങളുടെ സർവീസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. ദിവസവുമുള്ള വിമാന സർവീസുകളുടെ 7.5 ശതമാനമാണിത്.

നവീകരണ പ്രവർത്തനങ്ങള്‍ക്കായി റണ്‍വേ അടച്ചിടുന്നതിനാല്‍ ജൂണ്‍ 15 മുതല്‍ സർവീസുകള്‍ റദ്ദാക്കുമെന്നാണ് വിമാനത്താവള ഓപ്പറേറ്ററായ ഡിഐഎഎല്‍ അറിയിച്ചത്.

മെയ് മാസത്തില്‍ നടത്താൻ തീരുമാനിച്ചിരുന്ന നവീകരണം തിരക്ക് കാരണം മാറ്റിവയ്ക്കുകയായിരുന്നു. റണ്‍വേ ആർഡബ്ല്യു 10/28 ന്റെ നവീകരണ പ്രവർത്തനങ്ങള്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബർ 15 വരെ നടക്കും. മൂടല്‍മഞ്ഞ് സീസണില്‍ കുറഞ്ഞ ദൃശ്യപരത അനുഭവപ്പെടുന്നതിനാല്‍ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം (ഐഎല്‍എസ്) നവീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രതിദിനം 1450 വിമാന സർവീസുകളാണുള്ളത്. നാല് റണ്‍വേകളുണ്ട്- ആർഡബ്ല്യു 09/27, ആർഡബ്ല്യു 11ആർ/29എല്‍, ആർഡബ്ല്യു 11എല്‍/29ആർ, ആർഡബ്ല്യു 10/28. നിലവില്‍ ടി1, ടി3 എന്നീ ടെർമിനലുകളുമുണ്ട്. അറ്റകുറ്റപ്പണികള്‍ക്കായി ടി2 നിലവില്‍ അടച്ചിട്ടിരിക്കുകയാണ്.

ജൂണ്‍ 15 മുതല്‍ സെപ്റ്റംബർ 15 വരെയുള്ള നവീകരണം ആകെ 200 വിമാന സർവീസുകളെ ബാധിക്കും. 114 എണ്ണം റദ്ദാക്കും. ശേഷിക്കുന്ന 86 എണ്ണത്തിന്‍റെ സമയം പുനക്രമീകരിക്കും. സെപ്റ്റംബർ 15 മുതല്‍ റണ്‍വേ പ്രവർത്തനം പുനരാരംഭിക്കുമെങ്കിലും, മൂടല്‍മഞ്ഞ് സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്ബ് നവംബർ 27 ഓടെയായിരിക്കും ഐഎല്‍എസ് നവീകരണം പൂർത്തിയാക്കുകയെന്ന് ഡിഐഎഎല്‍ അറിയിച്ചു.