ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്താൽ അത് തെളിവ് നശിപ്പിക്കൽ;പൊലീസ് പൊക്കും

ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്താൽ അത് തെളിവ് നശിപ്പിക്കൽ;പൊലീസ് പൊക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അപ്പ്‌ലോഡ് ചെയ്ത പോസ്റ്റുകൾ ഡിലീറ്റ് ചെയ്താൽ അത് തെളിവ് നശിപ്പിക്കൽ. പോലീസ് കൈയ്യോടെ പിടിക്കും. ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റുകൾ വീണ്ടെടുക്കാനുള്ള സോഫ്റ്റ് വെയർ കേരള പൊലീസിന്റെ സൈബർ ഡോമിന് ലഭിച്ചതോടെയാണ് സൈബർ കുറ്റവാളികളെ കണ്ടെത്തുന്നത് എളുപ്പമായത്. അപകീർത്തികരമായ പോസ്റ്റുകൾ കുറ്റവാളി തന്നെ മായ്ച്ചു കളഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 204-ാം വകുപ്പ് പ്രകാരം അത് തെളിവ് നശിപ്പിക്കലാവും. രണ്ട് വർഷം തടവും പിഴയുമാണ് ഇതിന് ശിക്ഷ. കൂടുതൽ ഗൗരവമുള്ള ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചാൽ ഐപിസി 201-ാം വകുപ്പ് പ്രകാരം ഏഴ് വർഷം വരെ തടവ് ലഭിക്കാം. സമൂഹമാധ്യമങ്ങളിലെ അപകീർത്തി പോസ്റ്റുകൾ ഇൻഫോർമേഷൻ ടെക്നോളജി ആക്ടിലെ 67ാം വകുപ്പ് പ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. ആദ്യ തവണ കുറ്റകൃത്യത്തിൽ ഏർപ്പെടുമ്പോൾ മൂന്ന് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ലഭിക്കും. കുറ്റം വീണ്ടും ആവർത്തിച്ചാൽ അഞ്ച് വർഷം തടവും പത്ത് ലക്ഷം രൂപ പിഴയുമാകും ശിക്ഷ.