play-sharp-fill
കവിത മോഷണത്തിൽ മാപ്പുപറഞ്ഞ് ദീപാ നിഷാന്ത്

കവിത മോഷണത്തിൽ മാപ്പുപറഞ്ഞ് ദീപാ നിഷാന്ത്

സ്വന്തം ലേഖകൻ

എറണാകുളം: കവിത മോഷണത്തിൽ എഴുത്തുകാരിയും കേരളവർമ കോളേജിലെ മലയാളം അധ്യാപികയുമായ ദീപാ നിശാന്ത് മാപ്പുപറഞ്ഞു. ദീപയുടെ പേരിൽ കോളേജ് അധ്യാപകസംഘടനയായ എ.കെ.പി.സി.ടി.എ.യുടെ മാഗസിനിൽവന്ന ‘അങ്ങനെയിരിക്കെ’ എന്ന കവിതയാണ് വിവാദമായത്. കവിതയ്ക്ക് എസ്.കലേഷിന്റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ’ എന്ന കവിതയുമായി സാമ്യമമുണ്ടെന്നായിരുന്നു ആരോപണം.

ദീപാ നിശാന്ത് തന്റെ ഫേസ്ബുക്കിലൂടെയാണ് ക്ഷമ ചോദിച്ചത്. പരോക്ഷമായ രീതിയിലാണ് കവിത കലേഷിന്റേതെന്ന് ദീപാ നിശാന്ത് പറഞ്ഞിരിക്കുന്നത്. തന്റെ പേരിൽ വരുന്ന ഓരോ വാക്കിനും താൻ ഉത്തരവാദിയായതുകൊണ്ട് ഇക്കാര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നാണ് ദീപാ നിശാന്ത് പറഞ്ഞത്. 2011ലായിരുന്നു കലേഷ് തന്റെ ബ്ലോഗിൽ കവിത പോസ്റ്റ് ചെയ്തത്. തുടർന്ന് ഈ കവിത ഒരു വാരികയിലും ‘ശബ്ദമഹാസമുദ്രം’ എന്ന സമാഹാരത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. കൂടാതെ കവിത ഇംഗ്ലീഷിൽ തർജമ ചെയ്തും പ്രസിദ്ധപ്പെടുത്തിയിരുന്നു. താൻ ക്ഷമ ചോദിക്കുന്നതോടെ ഇക്കാര്യം ഇവിടെ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദീപാ നിശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തന്റെ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ ചിലയിടത്ത് അതേപടിയും മറ്റുചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിൽ വിഷമമുണ്ടെന്ന് കലേഷ് കഴിഞ്ഞദിവസം ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇന്നു വരെ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ഞാനെന്ന് നല്ല ബോദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ പറയുന്ന ഓരോ വാക്കിലും എനിക്ക് വലിയ ഉത്തരവാദിത്തവുമുണ്ട്. എഴുത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന സന്ദർഭം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ഞാനെഴുതിയവ നല്ലതോ ചീത്തയോ ആവട്ടെ, അവക്ക് ലഭിക്കുന്ന അംഗീകാരത്തെക്കുറിച്ചോ തിരസ്‌കാരത്തെക്കുറിച്ചോ ഞാൻ അധികം ആലോചിച്ചിട്ടില്ല. വലിയ ബൗദ്ധികതയൊന്നും എന്റെ എഴുത്തിലില്ല എന്നും എഴുതുന്നവ വൈകാരികതകൾ മാത്രമാണെന്നും കേൾമ്‌ബോഴും എനിക്കതിൽ ഒരു അഭിമാനക്ഷതവും തോന്നിയിട്ടില്ല. ഞാൻ എന്നെത്തന്നെയാണ് എഴുതിയിട്ടുള്ളത്. എന്റെ ജീവിതാന്തരീക്ഷമാണ് എന്റെ മഷിപ്പാത്രം. അതിൽ നിന്നുള്ള എഴുത്തുകളാണ് ഇന്നത്തെ ദീപാനിശാന്തിനെ നിർമ്മിച്ചതും വളർത്തിയതും. അവ മറ്റാരുടേയും പകർപ്പല്ല. അവയുടെ കനം പോരെന്നോ കാര്യമായൊന്നുമില്ലെന്നോ ആർക്കു വേണമെങ്കിലും പറയാം. പക്ഷേ അവയോരോന്നും ‘പറഞ്ഞുപോകരുതിത്/ മറ്റൊന്നിന്റെ പകർപ്പെന്നു മാത്രം’ എന്ന ഇടശ്ശേരിയുടെ പ്രഖ്യാപനത്തെ മുറുകെപ്പിടിക്കുന്നതാണ് എന്ന ആത്മാഭിമാനം എനിക്കുണ്ട്.

പെട്ടെന്നൊരു നാൾ വന്ന ഈ വിവാദത്തിൽ താണുപോകുന്നതാണ് ഞാനിന്നലെ വരെ എഴുതിയതെല്ലാം എന്നു ഞാൻ കരുതുന്നില്ല. അഥവാ അങ്ങനെ തകരുന്നു എങ്കിൽ അതിനുള്ള ബലമേ അവയ്ക്കുണ്ടായിരുന്നുള്ളൂ എന്നു ഞാൻ കരുതും. വിവാദങ്ങളാൽ നിർമ്മിക്കപ്പെട്ട വ്യക്തിയാണ് ഞാനെന്നും വിമർശനം കേട്ടിട്ടുണ്ട്. അവ എന്റെ സ്വകാര്യതകളാണ്, പങ്കുവെക്കേണ്ടതല്ലാത്തതും പങ്കുവെക്കാനാവാത്തതുമായ സ്വകാര്യതകൾ. ഞാനെഴുതിത്തുടങ്ങിയതു മുതൽ ഇന്നു വരെയും എന്നെ പ്രോൽസാഹിപ്പിച്ച അനേകം പേരുണ്ട്. അദ്ധ്യാപകർ മുതൽ എന്നെത്തന്നെ അത്ഭുതപ്പെടുത്തിയ ഫോളോവേഴ്‌സ് അടക്കം അനേകം മനുഷ്യർ. അവരുടെ ഊർജ്ജമാണ് എന്റെ ബലം. കിട്ടിയ അവസരം മുതലാക്കി ഇന്നുവരെയുള്ള എന്റെ രാഷ്ടീയനിലപാടുകളോടും ഞാനുയർത്തിയ ശബ്ദങ്ങളോടും അസഹിഷ്ണുത പ്രകടിപ്പിച്ചവർ നടത്തുന്ന ആർപ്പുവിളികൾ കൊണ്ട് ഞാൻ തകരില്ല എന്ന ആത്മബോധ്യമുണ്ട്.അങ്ങനെയെങ്കിൽ എന്നോ അതു സംഭവിക്കുമായിരുന്നു.

കലേഷ് നല്ല കവിയാണ്. കലേഷിന് മറ്റാരുടെയെങ്കിലും വരികൾ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോൾ എനിക്കുണ്ട്.’ ഇപ്പോൾ ‘എന്നെടുത്തു പറഞ്ഞത് ഇന്നലെ വരെ ഉണ്ടായിരുന്നില്ല എന്ന കുറ്റബോധത്തിന്റെ കൂടി നിഴലിൽ നിന്നു കൊണ്ടു തന്നെയാണ്. ആ കവിത കലേഷിന്റേതല്ല എന്ന്ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽത്തന്നെയാണ് ആ ബോധ്യം. മലയാളം അദ്ധ്യാപികയായ ഞാനങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാമോ എന്ന കേവലയുക്തിക്കൊന്നും അവിടെ പ്രസക്തിയില്ല. . ഞാൻ കവിത അപൂർവ്വമായി എഴുതാറുണ്ടെങ്കിൽ പോലും കവിതയിൽ ജീവിക്കുന്ന ഒരാളല്ല. സർവവിജ്ഞാനഭണ്ഡാകാരവുമല്ല.

ഇപ്പോൾ നടന്നത് ഏറെ ദു:ഖകരമായ കാര്യമാണ്. ഒരു സർവ്വീസ് സംഘടനയുടെ മാഗസിനിൽ മറ്റൊരാളുടെ വരികൾ എന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടതു കൊണ്ട് എനിക്ക് ഒരു ലാഭവുമില്ല എന്നും കാര്യമായ നഷ്ടമേ സാദ്ധ്യതയുള്ളൂ എന്നും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി എനിക്കുണ്ട്. നിങ്ങളോരോരുത്തർക്കുമുണ്ട്. അത്രമാത്രം സോഷ്യൽ ഓഡിറ്റിംഗ് നേരിടുന്ന വ്യക്തിയാണ് ഞാൻ. ഞാൻ പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകൾ ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധിയെങ്കിലും എന്നിൽ നിന്നും നിങ്ങൾ പ്രതീക്ഷിക്കണം. പിന്നെയെങ്ങനെ ഇതു സംഭവിച്ചു എന്നു ചോദിച്ചാൽ മുഴുവൻ കാര്യങ്ങളും പറയാനാവാകാത്ത ചില പ്രതിസന്ധികൾ അതിലുണ്ട് എന്നുമാത്രമേ എനിക്കു പറയാനാവൂ. ആ പ്രതിസന്ധികൾ കാലം തെളിയിക്കും. ഞാനായി ഒരാളെയും തകർക്കാൻ ഉദ്ദേശിക്കുന്നില്ല. അങ്ങനെ നേടുന്ന ഒന്നിലും എനിക്ക് വിശ്വാസവുമില്ല. കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലക്കും അദ്ധ്യാപിക എന്ന നിലക്കും മറ്റാരേക്കാളും കുറയാത്ത നിലയിൽ എനിക്കു മനസ്സിലാവും. അക്കാര്യത്തിൽ ഞാനും പ്രകടിപ്പിക്കാനാവാത്ത വിധം ദുഃഖിതയാണ്. എന്റെ പേരിൽ വരുന്ന ഓരോ വാക്കിനും ഞാൻ ഉത്തരവാദിയായതു കൊണ്ടുതന്നെ ഇക്കാര്യത്തിൽ ഞാൻ ക്ഷമചോദിക്കുന്നു. ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നു. പ്ലേജറിസം സാമൂഹികമാദ്ധ്യമങ്ങളിലെ തുടർക്കഥയാണ്. ഒരാളുടെ ആശയം, വരികൾ തുടങ്ങി എന്തും എപ്പോഴും മോഷ്ടിക്കപ്പെടാവുന്ന അവസ്ഥയുമുണ്ട്. അതിനെതിരെ എന്നും സംസാരിച്ചിട്ടും എനിക്കു നേരെ തന്നെ ഇത്തരമൊന്ന് സംഭവിച്ചതിലാണ് എറ്റവും വിഷമം. പ്രതിയോഗികൾക്ക് കിട്ടിയൊരു സുവർണ്ണാവസരമായി ഇക്കാര്യം ഉപയോഗപ്പെടുന്നതിലും വിഷമമുണ്ട്. ഇനിയും കലേഷിനും എനിക്കും എഴുതാനാവും. താൽപര്യമുള്ളവർ അതു വായിക്കുകയും ചെയ്യും. വേണ്ടത് എടുക്കാനും തള്ളേണ്ടത് തള്ളാനുമുള്ള ശേഷി വായനക്കാർക്കുണ്ടെന്നുംഅവർ അതു നിർവ്വഹിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു.