ടി.എൻ. പ്രതാപനും ഡീൻ കുര്യാക്കോസും ആക്രമിക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി സമൃതി ഇറാനി ; സ്പീക്കർക്ക് പരാതി നൽകി ബിജെപി, മാപ്പു പറയില്ലെന്ന് കോൺഗ്രസ്
സ്വന്തം
ന്യൂഡൽഹി: ടി.എൻ. പ്രതാപനും ഡീൻ കുര്യാക്കോസും ഭീക്ഷണിപ്പെടുത്തിയെന്ന് പരാതിയുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ടി.എൻ. പ്രതാപനും ഡീൻ കുര്യാക്കോസും ഉടുപ്പിന്റെ കൈ ചുരുട്ടി തന്നെ ആക്രമിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്ന് സ്മൃതി. രണ്ടംഗങ്ങളും മാപ്പുപറഞ്ഞില്ലെങ്കിൽ അഞ്ചുദിവസത്തേക്ക് സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് ബി.ജെ.പി.യുടെ പരാതി. മാപ്പുപറയില്ലെന്ന് കോൺഗ്രസ്. കടുത്ത ബഹളത്തെത്തുടർന്ന് സഭ നിർത്തിവെച്ചു.
കോൺഗ്രസ് സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി ശൂന്യവേളയിൽ ഹൈദരാബാദ്, ഉന്നാവ് സംഭവങ്ങൾ ഉന്നയിച്ചു നടത്തിയ പരാമർശങ്ങളാണ് ബഹളത്തിനു തുടക്കമിട്ടത്. ഒരു വശത്ത് ബി.ജെ.പി. രാമക്ഷേത്രനിർമാണത്തിനൊരുങ്ങുമ്പോൾ, മറുവശത്ത് സീതമാരെ രാജ്യം മുഴുവൻ ചുട്ടെരിച്ചുകൊണ്ടിരിക്കുകയാണെന്ന അധീറിന്റെ പരാമർശം ബി.ജെ.പി.യെ ചൊടിപ്പിച്ചു. തുടർന്ന് ആഭ്യന്തരമന്ത്രി പ്രതികരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സഭയിൽനിന്നിറങ്ങിപ്പോയി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ സർക്കാരിനായി ഏതെങ്കിലും മന്ത്രി മറുപടിപറഞ്ഞാൽ മതിയെന്നായിരുന്നു പാർലമെന്ററികാര്യ മന്ത്രിയുടെ നിലപാട്. ഇതനുസരിച്ച് മന്ത്രി സ്മൃതി ഇറാനി സംസാരിച്ചുതുടങ്ങി. ഇതിനിടയിൽ കോൺഗ്രസംഗങ്ങൾ സഭയിൽ മടങ്ങിയെത്തി. കോൺഗ്രസ് സ്ത്രീപീഡനവിഷയങ്ങൾ രാഷ്ട്രീയവത്കരിക്കുകയാണെന്ന് സ്മൃതി ആരോപിച്ചു. മതവുമായി സ്ത്രീപ്രശ്‌നങ്ങളെ ചേർക്കുന്നതു നാണക്കേടാണെന്നും സ്മൃതി പറഞ്ഞു.
ഇതിനെതിരേയാണ് കേരളത്തിലെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധമാരംഭിച്ചത്. കെ. മുരളീധരൻ, വി.കെ. ശ്രീകണ്ഠൻ, ടി.എൻ. പ്രതാപൻ, ഡീൻ കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇതോടെ, ഇരുപക്ഷങ്ങളും തമ്മിലുള്ള പോരു മുറുകി.സ്മൃതിയുടെ പ്രസംഗം ബഹളമുയർത്തി തടസ്സപ്പെടുത്താൻ കോൺഗ്രസ് അംഗങ്ങൾ ശ്രമിച്ചു. അതിൽ രോഷാകുലയായ സ്മൃതി, താനൊരു അംഗമാണെന്നും തനിക്കു സംസാരിക്കാൻ അവകാശമുണ്ടെന്നും തിരിച്ചടിച്ചു. ഒരു സ്ത്രീ സംസാരിക്കുന്നത് ഇഷ്ടമല്ലാത്തതുകൊണ്ടാണ് തന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നതെന്നും മന്ത്രി പ്രതികരിച്ചു. ബഹളമുണ്ടാക്കിയ അംഗങ്ങളോട് സീറ്റിലിരിക്കാനും മന്ത്രി നിർദേശിച്ചു. ഇതോടെ മന്ത്രിയും കോൺഗ്രസ് അംഗങ്ങളും തമ്മിൽ കൈചൂണ്ടി ആക്രോശമായി.
ഇതിനിടയിൽ ഡീൻ കുര്യാക്കോസും ടി.എൻ. പ്രതാപനും ഇരിപ്പിടം വിട്ടിറങ്ങി പ്രതിഷേധിച്ചു. ദേഷ്യത്തിൽ പ്രതികരിച്ച മന്ത്രിയോടു കയർത്ത് ഉടുപ്പിന്റെ കൈമടക്ക് തിരുകിക്കയറ്റി ഡീൻ മുന്നോട്ടു നീങ്ങിയപ്പോൾ, തന്നെ ആക്രമിക്കാനാണ് അംഗങ്ങളുടെ ശ്രമമെന്നും ധൈര്യമുണ്ടെങ്കിൽ ഭരണപക്ഷത്തേക്കു വരാനും സ്മൃതി കൈയാട്ടി വിളിച്ചു. ഷർട്ടിന്റെ കൈഭാഗം ചുരുട്ടിവെച്ച് തന്നെ ആക്രമിക്കുമെന്ന് ഡീൻ ഭീഷണിപ്പെടുത്തിയെന്ന് മന്ത്രി ആരോപിച്ചു. ഇതോടെ ബഹളം നിയന്ത്രണാതീതമായി.
പ്രതാപനെയും ഡീനിനെയും മുതിർന്ന കോൺഗ്രസ് അംഗങ്ങൾ അനുനയിപ്പിച്ച് ഇരിപ്പിടത്തിലിരുത്തി. സ്മൃതിയെ മന്ത്രിമാരായ പ്രകാശ് ജാവഡേക്കറും പ്രൾഹാദ് ജോഷിയും സമാധാനിപ്പിച്ചു. എന്നാൽ മന്ത്രി വഴങ്ങിയില്ല. മന്ത്രിയെ ഭീഷണിപ്പെടുത്തിയ അംഗങ്ങൾ മാപ്പുപറയണമെന്ന് ജാവഡേക്കറും പ്രൾഹാദ് ജോഷിയും ആവശ്യപ്പെട്ടു. ഭരണപക്ഷത്തെ വനിതകളും സ്മൃതിയെ പിന്തുണച്ചു രംഗത്തുവന്നു. ഡി.എം.കെ. അംഗം സ്മൃതിയെ ഇരിപ്പിടത്തിലെത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും മന്ത്രി തണുത്തില്ല.
ഇതേത്തുടർന്ന് ഇരുപക്ഷത്തെയും അംഗങ്ങൾ സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് അഭ്യർഥിച്ച് സ്പീക്കർ അടുത്തവിഷയത്തിലേക്കു കടന്നു. സ്മൃതിക്കു സംസാരിക്കാനവസരം നൽകാതെ സഭ ഒന്നരവരെ നിർത്തിവെക്കുകയും ചെയ്തു.
ഉച്ചയ്ക്ക് വീണ്ടും ചേർന്നപ്പോൾ മീനാക്ഷി ലേഖിയായിരുന്നു സഭ നിയന്ത്രിച്ചത്. എന്നാൽ പ്രതാപനും ഡീനും സഭയിലെത്തിയിരുന്നില്ല. രണ്ടു പേരെയും സഭയിലേക്കു വിളിച്ചുകൊണ്ടുവരാനും മാപ്പുപറയാൻ നിർദേശിക്കാനും കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയോടു മീനാക്ഷി ലേഖി ആവശ്യപ്പെട്ടു. ഇതിനായി സഭ രണ്ടരവരെ നിർത്തിവെച്ചു.
രണ്ടരയ്ക്കു വീണ്ടും ചേർന്നപ്പോഴും ഡീനും പ്രതാപനും എത്തിയില്ല. തുടർന്ന് ബി.ജെ.പി. ബി.ജെ.ഡി. അംഗങ്ങളും എ.എ.പി. അംഗം ഭഗവന്ത് മാനും അംഗങ്ങൾക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടു. മാപ്പുപറഞ്ഞില്ലെങ്കിൽ സസ്‌പെൻഡ് ചെയ്യണമെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രൾഹാദ് ജോഷിയും ആവശ്യപ്പെട്ടു. രണ്ടംഗങ്ങളെയും തിങ്കളാഴ്ച സഭയിൽ എത്തിക്കാൻ അധീറിനു വീണ്ടും നിർദേശം നൽകിയിട്ട് മീനാക്ഷി ലേഖി സഭ നിർത്തിവെച്ചു.