play-sharp-fill
കോട്ടയം കടുവാക്കുളത്ത് ഇരട്ടകളുടെ തൂങ്ങിമരണം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്; 13  ലക്ഷം രൂപ വായ്പയെടുത്തത് അർബൻ ബാങ്കിൽ നിന്നും; മൂന്ന് വർഷം കൊണ്ട് അർബൻ ബാങ്കിലെ വായ്പ 17 ലക്ഷമായി: തിരിച്ചടയ്ക്കാൻ മാർഗമില്ലാതെ ജീവൻ അവസാനിപ്പിച്ചു

കോട്ടയം കടുവാക്കുളത്ത് ഇരട്ടകളുടെ തൂങ്ങിമരണം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്; 13 ലക്ഷം രൂപ വായ്പയെടുത്തത് അർബൻ ബാങ്കിൽ നിന്നും; മൂന്ന് വർഷം കൊണ്ട് അർബൻ ബാങ്കിലെ വായ്പ 17 ലക്ഷമായി: തിരിച്ചടയ്ക്കാൻ മാർഗമില്ലാതെ ജീവൻ അവസാനിപ്പിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് വിവരം. കടുവാക്കുളം ഇടുങ്ങാടി പുതുപറമ്പില്‍ അബ്ദുൾ സലാമിൻ്റെ മക്കളായ നിസാര്‍ ഹാന്‍ ( 34 ) , നസീര്‍ ( 34 ) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.


തിങ്കളാഴ്ച രാവിലെയാണ് അമ്മ ഫാത്തിമ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു, ഇവർ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതോടെ ഓടിയെത്തിയ നാട്ടുകാർ വിവരം ഈസ്റ്റ് പൊലീസിനെ അറിയിച്ചത്. തുടർന്നു, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ, മുൻ പഞ്ചായത്തംഗം ഉദയകുമാർ , ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാർ, ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ റെജോ പി.ജോസഫ് എന്നിവർ സ്ഥലത്ത് എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു, ആർ.ടി.പി.സിആർ പരിശോധനാ ഫലം ലഭിച്ച ശേഷം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റും.

ഞായറാഴ്ച രാത്രിയിൽ ഇരുവരും അമ്മയ്‌ക്കൊപ്പം ഇരുന്നു ടിവി കണ്ടിരുന്നു. ഇതിനു ശേഷമാണ് കിടന്നത്. രണ്ടു മുറികളിലായാണ് ഇരുവരും കിടന്നിരുന്നത്. തിങ്കളാഴ്ച പുലർച്ചെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തി. കൊവിഡിനെ തുടർന്നു ഒരു വർഷത്തോളമായി ഇരുവർക്കും ജോലിയുണ്ടായിരുന്നില്ല. ഇതിന്റെ സാമ്പത്തിക പ്രതിസന്ധി രണ്ടു പേരെയും അലട്ടിയിരുന്നതായി നാട്ടുകാരും പൊലീസും പറഞ്ഞു. കഴിഞ്ഞ ദിവസം അർബൻ കോ ഓപ്പറേറ്റീവ് ബാങ്കിൽ നിന്നും വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരുന്നു. ഇവിടെ നേരിട്ടെത്തിയ ജീവനക്കാരൻ വായ്പ അടയ്ക്കണമെന്നു പറഞ്ഞിരുന്നു.

ഇതേ തുടർന്നു ദിവസങ്ങളായി അമ്മയും മക്കളും വീട്ടിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല. നേരത്തെ ക്രെയിൻ സർവീസിൽ ജോലി നോക്കിയിരുന്ന ഇരുവർക്കും കൊവിഡ് പ്രതിസന്ധിയെ തുടർന്നു ജോലിയില്ലാതായിരുന്നു.

2019 മെയ് രണ്ടിനാണ് ഇവർ കോട്ടയം അർബൻ ബാങ്കിൻ്റെ മണിപ്പുഴ ശാഖയിൽ നിന്നും വായ്പ എടുത്തത്. കടുവാക്കുളം ഇടുങ്ങാടിയിലെ രണ്ടു വീടുകൾ വാങ്ങുന്നതിനായി പർച്ചേസ് വായ്പയായി 13 ലക്ഷം രൂപയാണ് ഇരുവരും ബാങ്കിൽ നിന്ന് എടുത്തത്. ഇതിന് ശേഷം 19000 രൂപ തിരികെ അടിച്ചിരുന്നു. പിന്നീട് , ഒരു രൂപ പോലും വായ്പയായി തിരികെ അടച്ചിരുന്നില്ല. വായ്പ തിരിച്ചടവിനായി ബാങ്കിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫോൺ വിളിക്കുമ്പോഴൊന്നും ഇരുവരും ഫോൺ എടുത്തിരുന്നില്ലന്ന് അർബർ ബാങ്ക് മണിപ്പുഴ ശാഖ മാനേജർ ആൻസി ചാക്കോ തേർഡ് ഐ ന്യുസ് ലൈവിനോട് പറഞ്ഞു.

ഇതേ തുടർന്ന് വായ്പ തിരികെ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരൻ വീട്ടിൽ എത്തിയിരുന്നു. ഇനിയും ബാക്കിൽ എത്തിയില്ലെങ്കിൽ വീട്ടിൽ ജപ്തി നോട്ടീസ് ഒട്ടിയ്ക്കുമെന്ന് ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയിരുന്നതായി അമ്മ ഫാത്തിമ പറയുന്നു. ഇതേ തുടർന്നാണ് രണ്ടാഴ്ചയോളം ഇവർ വീടിന് പുറത്തിറങ്ങാതിരുന്നതെന്നാണ് സൂചന. പാലക്കാട് സഹോദരിയുടെ സ്ഥലം വിറ്റ ശേഷം വായ്പ അടയ്ക്കാമെന്ന് ഇരുവരും ബാങ്കിൽ അറിയിച്ചിരുന്നു. എന്നാൽ ഇത് നടക്കാതെ വന്നതാണ് ഇരുവരും ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന.