വൃത്തിയാക്കാനിറങ്ങിയ കിണറ്റിൽ ശ്വാസം കിട്ടാതെ രണ്ടു പേർ പിടഞ്ഞു മരിച്ചു: അപകടമുണ്ടായത് ചങ്ങനാശേരിയിലെ ഫൗസിയ ഹോട്ടലിലെ കിണർ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികൾ; മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ
തേർഡ് ഐ ബ്യൂറോ
ചങ്ങനാശേരി: ചങ്ങനാശേരി ബസ് സ്റ്റാൻഡിനു സമീപം ഫൗസിയ ഹോട്ടലിലെ കിണർ വൃത്തിയാക്കാനിറങ്ങിയ രണ്ടു പേർ ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചു. ചങ്ങനാശേരി മോസ്‌കോ അഴകാത്ത് പടി മണിമുറിയിൽ വീട്ടിൽ
ജോബി (കൊച്ചെറുക്കൻ- 38), പശ്ചിമ ബംഗാൾ ബാണാർഹട്ട് സ്വദേശി വിജയ് ഓറോൺ (29) എന്നവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഇരുവരും ഫൗസിയ ഹോട്ടലിൽ എത്തിയത്. തുടർന്ന് ഇരുവരും കിണർ വൃത്തിയാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തി. പന്ത്രണ്ട് മണിയോടെയാണ് രണ്ടു പേരും കിണറ്റിലേയ്ക്ക് ഇറങ്ങിയത്.
എന്നാൽ, പാതിയിറങ്ങിയപ്പോൾ തന്നെ അസ്വസ്ഥത അനുഭവപ്പെട്ട് രണ്ടു പേരും കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. ശബ്ദം കേട്ട് ഒപ്പമുണ്ടായിരുന്നവർ ഓടിയെത്തി കിണറ്റിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും ഹോട്ടൽ അധികൃതർ തടഞ്ഞു നിർത്തി. ഇതാണ് കൂടുതൽ അപകടം ഒഴിവാക്കിയത്. തുടർന്ന് ഹോട്ടൽ അധികൃതർ തന്നെ വിവരം അ്ഗ്നിരക്ഷാ സേന അധികൃതരെ വിവരം അറിയിച്ചു. അധികൃതർ എത്തിയെങ്കിലും കിണറ്റിൽ മതിയായ ഓക്‌സിജൻ ലഭിക്കാത്തിനാൽ ഇവർക്കും ഇറങ്ങാൻ സാധിച്ചില്ല. തുടർന്ന് ഓക്‌സിജൻ മാസ്‌ക് അടക്കം ഘടിപ്പിച്ച ശേഷമാണ് അഗ്നിരക്ഷാ സേന അധികൃതർ കിണറ്റിൽ ഇറങ്ങിയത്. അപ്പോഴേയ്ക്കും ഇരുവരും മരിച്ചിരുന്നു. തുടർന്ന് മൃതദേഹം പുറത്ത് എത്തിച്ചു. ഇവിടെ നിന്ന് ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേയ്ക്ക് മൃതദേഹം മാറ്റി. സംഭവത്തിൽ ചങ്ങനാശേരി പൊലീസ് കേസെടുത്തു.
ഓക്‌സിജൻ ഇല്ലാത്ത കിണറ്റിൽ ഇറങ്ങുമ്പോൾ കൃത്യമായ മുൻകരുതൽ എടുക്കണമെന്ന് നേരത്തെ നിർദേശിച്ചിരുന്നതാണ്. എന്നാൽ, ഇത് പാലിച്ചിട്ടില്ലെന്നാണ് ഇപ്പോഴത്തെ അപകടത്തിൽ നിന്നും വ്യക്തമാകുന്നത്. ഏറെ ആഴമുള്ള കിണറുകൾ വൃത്തിയാക്കാൻ ഇറങ്ങുമ്പോൾ തീ കത്തിച്ച് കിണറ്റിനുള്ളിലേയ്ക്ക് ഇട്ട ശേഷം ഓക്‌സിജന്റെ സാന്നിധ്യം ഉറപ്പുവരുത്തിയിട്ട് വേണം ഇറങ്ങാൻ എന്ന നിർദേശം നേരത്തെ തന്നെ നൽകിയിരുന്നതാണ്. എന്നാൽ, ഇത് പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ഇപ്പോൾ സംശയിക്കുന്നത്.
ആഴ്ചകൾക്ക് മുൻപ് ഫൗസിയ ഹോട്ടലിൽ തീ പിടുത്തം ഉണ്ടായി കത്തി നശിച്ചിരുന്നു. ഇതിനു ശേഷമാണ് ഇപ്പോൾ വീണ്ടും അപകടമുണ്ടായി രണ്ടു പേർക്ക് ജീവൻ നഷ്ടമായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group