play-sharp-fill
കാലവര്‍ഷ ദുരന്തനിവാരണം; തദ്ദേശ സ്ഥാപനങ്ങള്‍ മുന്നൊരുക്കങ്ങള്‍  അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

കാലവര്‍ഷ ദുരന്തനിവാരണം; തദ്ദേശ സ്ഥാപനങ്ങള്‍ മുന്നൊരുക്കങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്

സ്വന്തം ലേഖകൻ

കോട്ടയം : കാലവര്‍ഷ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗരേഖപ്രകാരമുള്ള മുന്നൊരുക്കങ്ങള്‍ ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും അതീവ പ്രാധാന്യത്തോടെ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍ദേശിച്ചു.


മഴ ശക്തമാകുന്ന സാഹചര്യത്തില്‍ തദ്ദേശ സ്ഥാപന തലങ്ങളില്‍ സ്വീകരിക്കേണ്ട രക്ഷാ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ചേര്‍ന്ന ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ സ്ഥാപനങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കണം. ദുരന്തനിവാരണ പ്രതികരണ സേനയും ആപ്തമിത്ര സന്നദ്ധ സേനയും എല്ലാ വാര്‍ഡുകളിലും സജ്ജമാണെന്ന് ഉറപ്പു വരുത്തണം.അപകടാവസ്ഥയിലുള്ള വൃക്ഷ ശിഖരങ്ങള്‍ മുറിച്ചു മാറ്റണം.

നദികള്‍, തോടുകള്‍, മറ്റ് ജല നിര്‍ഗമന മാര്‍ഗങ്ങള്‍ എന്നിവയിലെ നീരൊഴുക്കിനുള്ള തടസങ്ങള്‍ നീക്കം ചെയ്യുന്നതിന് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത നിരീക്ഷിക്കണം. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍, വാഹനങ്ങള്‍ എന്നിവയുടെ ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കണം.

എല്ലാ ആശുപത്രികളിലും മഴക്കാല രോഗങ്ങള്‍ക്കുള്‍പ്പെടെയുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തണം. ഭിന്ന ശേഷിയുള്ളവര്‍, പാലിയേറ്റീവ് പരിചരണത്തിലുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരുടെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ തയ്യാറാക്കുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സഹായമാകും.

ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി സുരക്ഷിത സ്ഥാനങ്ങളില്‍ സൗകര്യപ്രദമായ കെട്ടിടങ്ങള്‍ കണ്ടെത്തണം. കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശപ്രകാരമുള്ള രീതിയിലാണ് ക്യാമ്പുകള്‍ ഒരുക്കേണ്ടത്.

ശുദ്ധജലം, ഭക്ഷ്യ വസ്തുക്കള്‍, ഗതാഗതം, വൈദ്യുതി എന്നിവയുടെ ലഭ്യതക്കായി വിവിധ വകുപ്പുകള്‍ ബന്ധപ്പെട്ട് ക്രമീകരണങ്ങള്‍ ആസൂത്രണം ചെയ്യണമെന്നും മുന്നൊരുക്കവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ജില്ലാ പഞ്ചായത്തിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും ശ്രദ്ധയില്‍പ്പെടുത്തി വേഗത്തില്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഹാളില്‍ സാമൂഹിക അകലം പാലിച്ച് നടന്ന യോഗത്തില്‍ എ.ഡി.എം അനില്‍ ഉമ്മന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഡോ. ശോഭ സലിമോന്‍, സ്ഥിരം സമതി അധ്യക്ഷരായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. കെ.കെ. രഞ്ജിത്, പി. സുഗതന്‍,ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.എസ് ഷിനോ തുടങ്ങിയവര്‍ പങ്കെടുത്തു.