play-sharp-fill
ഒരു നിസാര പ്രശ്‌നം: പൊലിഞ്ഞത് രണ്ട് ജീവനുകൾ: തകർന്നത് രണ്ട് കുടുംബങ്ങൾ: എടുത്തുചാട്ടം തകർത്തത് നിയമത്തിന് തിരികെ നൽകാനാവാത്ത ജീവിതങ്ങൾ

ഒരു നിസാര പ്രശ്‌നം: പൊലിഞ്ഞത് രണ്ട് ജീവനുകൾ: തകർന്നത് രണ്ട് കുടുംബങ്ങൾ: എടുത്തുചാട്ടം തകർത്തത് നിയമത്തിന് തിരികെ നൽകാനാവാത്ത ജീവിതങ്ങൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: റോഡിൽ കുറുകെയിട്ട വണ്ടിമാറ്റുന്നതിനെച്ചൊല്ലി നിസാര തർക്കം. തകർന്നത് രണ്ട് കുടുംബങ്ങൾ, നഷ്ടമായത് രണ്ട് ജീവനുകൾ. എടുത്തുചാട്ടത്തിന് നൽകേണ്ടി വന്ന വിലയായിരുന്നു ഇത്. നെയ്യാറ്റിൻകരയിൽ രണ്ടു കുടുംബത്തെ അനാഥമാക്കിയത് ഇത്തരത്തിൽ എടുത്തുചാട്ടം മാത്രമായിരുന്നു. ഒരു വാഹനം ഇറങ്ങി വരുന്ന റോഡിനു മുന്നിൽ മറ്റൊരു വാഹനം പാർക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് രണ്ടു ജീവനുകൾ നഷ്ടമായത്.
ഇത്ര നിസ്സാരമായ ഒരു വിഷയത്തിന്റെ പേരിൽ രണ്ട് ജീവനുകൾ നഷ്ടപ്പെടാൻ മാത്രം മനുഷ്യ ജീവന് ഇത്രയും വില കുറഞ്ഞതാണോ. ഒന്നാലോചിച്ചു നോക്കുക ഒരു വാഹനത്തിന്റെ മുന്നിൽ മറ്റൊരു വാഹനം പാർക്കു ചെയ്തു എന്നത് മാത്രമാണ് രണ്ട് ജീവനുകളൾ ഇല്ലാതായ ദുരന്തത്തിന്റെ മൂലകാരണം. ആ വാഹനം വരുന്നത് വരെ കാത്തിരിക്കാനുള്ള ക്ഷമ ഡിവൈഎസ്പിക്ക് ഇല്ലാതെ പോയതും ആ ഡിവൈഎസ്പി അതിനെ ചോദ്യം ചെയ്തപ്പോൾ അതിനോട് സംയമനത്തോടെ യും ശാന്തതയോടെയും പെരുമാറാനുള്ള ക്ഷമ സനലിനില്ലാതെ പോയതും നഷ്ടമാക്കിയത് രണ്ട് ജീവനുകളും അനേകം കുടുംബങ്ങളുമാണ്. രണ്ട് പേർക്കും ഭാര്യയും മക്കളും കുടുംബവുമൊക്കെയുണ്ട്. നിസ്സാരമായ വാക്കു തർക്കത്തിൽ അവസാനിക്കാവുന്ന ഒരു സംഭവം രണ്ട് ജീവനുകൾ ഇല്ലാതാക്കുമ്പോൾ ഇത്തരം സാഹചര്യങ്ങളെ ദൈനം ദിനം നേരിടുന്ന നമ്മളും ചിന്തിക്കേണ്ടതുണ്ട്.
സനൽ അറിഞ്ഞിരുന്നോ ഇങ്ങനെ തർക്കം നടത്തുമ്പോൾ തന്റെ ജീവൻ നഷ്ടപ്പെടുമെന്ന്. ഹരികുമാർ അറിഞ്ഞിരുന്നോ ഈ ദുരന്തം തന്റെ ജീവനെടുക്കുന്ന ആത്മഹത്യയിലേക്കാവും നയിക്കുക എന്ന്. ഇത്തരം ചിന്താ ശൂന്യതയും അറിവില്ലായ്മയുമാണ് ഇത്തരം ദുരന്തങ്ങൾക്ക് കാരണം. കൊലപാതകങ്ങളും അടിപിടിക്കേസുകളും ഒക്കെ പരിശോധിക്കുമ്പോൾ ക്രിമിനൽ മനസ്സോട് കൂടി അത് ചെയ്യുന്നവരുടെ എണ്ണം തീരെ കുറവാണ്. മഹാ ഭൂരിപക്ഷം വരുന്ന ആളുകളും പെട്ടന്ന് ഉണ്ടാകുന്ന പ്രകോപനവും അവനവന്റെ ഈഗോയെ ശമിപ്പിക്കുന്നതിന് വേണ്ടിയുള്ള നെട്ടോട്ടത്തിലും കുഴപ്പത്തിലും ചെന്ന് ചാടുന്നവരാണ്. നിസ്സാരമായി അവഗണിക്കേണ്ട കാര്യങ്ങളെ വലിയ സംഭവമാക്കി മാറ്റുന്ന നമുക്ക് ഓരോരുത്തർക്കും പാഠമാകേണ്ടതാണ് സനലിന്റേയും ഹരികുമാറിന്റെയും ജീവിതം.
ഒരാൾ നിനച്ചിരിക്കാതെ അപകടത്തിലേക്ക് വീണു മരിച്ചെങ്കിൽ മറ്റൊരാൾ നിസ്സഹായനായി സ്വയം ജീവൻ എടുത്തു. ചിലരെങ്കിലും പറയുന്നു ഹരികുമാർ ക്രിമിനൽ അല്ല ഇത്തരം ഒരു സാഹചര്യത്തിൽ പെട്ടതു കൊണ്ട് അതിനെ അതിജീവിക്കാൻ പറ്റാത്തതു കൊണ്ടാണ് സ്വന്തം ജീവൻ എടുത്തത് എന്ന്. പറഞ്ഞത് പോലെ ക്രിമിനലായ ഒരു ഓഫിസറാണ് ഹരികുമാർ എങ്കിൽ അയാൾ എന്തിന് സ്വന്തം ജീവനെടുക്കുന്നു. അയാൾക്ക് സ്വന്തം സഹപ്രവർത്തകരുടെ സഹായത്തോടെ രക്ഷപ്പെടാനാകുമായിരുന്നില്ലെ എന്നും ചോദിക്കുന്നു. എന്തായാലും ക്ഷിപ്ര കോപവും ഒരു വാക്ക് കൊണ്ട് അവസാനിപ്പിക്കേണ്ട തർക്കവും രണ്ട് ജീവനുകൾ ഒടുങ്ങുന്നതിന്റെ കാരണമായി മാറിയെങ്കിൽ നമ്മൾ ഓരോരുത്തർക്കും അത് പാഠമാകേണ്ടത് തന്നെയാണ്.