മന്ദിരം ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ച സംഭവം: പൊലീസ് അന്വേഷണം തുടങ്ങി; ആശുപത്രിയിൽ നിന്നും രേഖകൾ പിടിച്ചെടുത്തേക്കും
തേർഡ് ഐ ബ്യൂറോ
കോട്ടയം: മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. പനച്ചിക്കാട് നെല്ലിക്കൽ കവലയ്ക്കു സമീപം കുഴിമറ്റം കണിയാംപറമ്പിൽ കുഴിയാത്ത് കെ.വി വർഗീസിന്റെ മകൾ സിനിമോൾ വർഗീസാണ്(27) കഴിഞ്ഞ ദിവസം മന്ദ്ിരം ആശുപത്രിയിൽ മരിച്ചത്. സംഭവത്തിൽ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ഈസ്റ്റ് പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ് മാർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഈസ്റ്റ് പൊലീസിനു ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും പൊലീസ് തുടർ നടപടികൾ സ്വീകരിക്കുക. വെള്ളിയാഴ്ച രാവിലെ ഈസ്റ്റ് എസ്.ഐ ടി.എസ് റെനീഷ് സിനിമോളുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയിൽ സംഭവിച്ച ചികിത്സാ പിഴവ് എന്തൊക്കെയെന്നു കണ്ടെത്തുന്നതിനുള്ള പരിശോധനകളാണ് ഇനി നടക്കേണ്ടത്. ആശുപത്രിയിൽ നിന്നും സിനിമോളുടെ ചികിത്സാ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും തുടർ അന്വേഷണം നടക്കുക.
സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുടെ മൊഴി അടുത്ത ദിവസം തന്നെ രേഖപ്പെടുത്തും. ഈ സമയത്ത് ആശുപത്രിയിലുണ്ടായിരുന്ന നഴ്‌സുമാരുടെയും, ലേബർ റൂമിലുണ്ടായിരുന്ന മറ്റ് രോഗികളുടെയും മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പ്രസവ ശുശ്രൂഷ നടത്തിയ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. ഇവരാണ് നിലവിൽ ആരോപണ വിധേയയായിരിക്കുന്നത്. തുടർന്ന് ആവശ്യമെങ്കിൽ ഡോക്ടറുടെ അറസ്റ്റിലേയ്ക്ക് കടക്കുന്നതിനാണ് പൊലീസ് തീരുമാനം.