play-sharp-fill
രണ്ടാം തവണയും സർക്കാർ അക്കൗണ്ടിൽ നിന്നും പണം മോഷണം: കാട്ടുകള്ളൻ ഉല്ലാസ് രണ്ടാം തവണയും റിമാൻഡിൽ; ഇത്തവണ സർക്കാരിനെപ്പറ്റിച്ച് അടിച്ചു മാറ്റിയത് 23 ലക്ഷം രൂപ

രണ്ടാം തവണയും സർക്കാർ അക്കൗണ്ടിൽ നിന്നും പണം മോഷണം: കാട്ടുകള്ളൻ ഉല്ലാസ് രണ്ടാം തവണയും റിമാൻഡിൽ; ഇത്തവണ സർക്കാരിനെപ്പറ്റിച്ച് അടിച്ചു മാറ്റിയത് 23 ലക്ഷം രൂപ

ക്രൈം ഡെസ്‌ക്
കടുത്തുരുത്തി:  സർക്കാരിന്റെ പണം രണ്ടാം തവണയും തന്ത്രപരമായി അടിച്ചു മാറ്റാൻ ശ്രമിച്ച കാട്ടുകള്ളൻ ഉല്ലാസ് ഇത്തവണയും കുടുങ്ങി. 2014 ൽ സമാന കേസിൽ കുടുങ്ങി ഈരാറ്റുപേട്ട പൊലീസ് അറസ്റ്റിലായി റിമാൻഡിലായിട്ടും പഠിക്കാതെയാണ് ഉല്ലാസ് ഇത്തവണയും തുക സ്വന്തം അക്കൗണ്ടിലേയ്ക്കു മാറ്റാൻ ശ്രമിച്ചത്.
ഇത്തവണ തുക മാറ്റിയത് മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതിയുടെയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ
തൃപ്പൂണിത്തുറ പുത്തൻകാവ് പുന്നയ്ക്കാവെളിയിലെ വീട്ടിൽ താമസിക്കുന്ന പാലാ തിടനാട് കരിപ്പോട്ടപ്പറമ്പിൽ കെ.ആർ.ഉല്ലാസ്മോനെ (39)യാണ് കടുത്തുരുത്തി സി.ഐ. പി.കെ.ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് സ്പെഷ്യൽ തഹസിൽദാർ ആർ.രാമചന്ദ്രൻ കടുത്തുരുത്തി പോലീസിൽ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.  എസ്.ഐ. അബ്ദുൾ സമദിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ വീട്ടിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഒക്ടോബർ ഒൻപതിനും പതിനഞ്ചിനുമായി ഇടയിൽ നടന്ന നാല് സ്ഥലം ഉടപാടുകളുടെ പണം സ്വന്തം അക്കൗണ്ടിലേയ്ക്കു ഉല്ലാസ് മാറ്റുകയായിരുന്നു. കളക്ടറുടെ പേരിലുള്ള അക്കൗണ്ടിലേക്ക് അടയ്‌ക്കേണ്ടിയിരുന്ന 23 ലക്ഷം രൂപയാണ് ജീവനക്കാരൻ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെടുത്തത്.
തട്ടിയെടുത്ത പണം ഉടൻതന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നാണ് വിവരം.കോട്ടയം റവന്യൂ റിക്കവറി തഹസിൽദാരുടെ ഓഫീസിൽ സീനിയർ ക്ലാർക്കായി ജോലി ചെയ്യുന്നതിനിടെ ഭൂമിയുടെ പോക്കുവരവുമായി ബന്ധപ്പെട്ട പണം സമാനരീതിയിൽ തിരിമറി നടത്തിയെന്ന സംഭവത്തിൽ 2014-ൽ ഈരാറ്റുപേട്ട പോലീസിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നു.
പത്തോളം ബാങ്കുകളിൽ ഇയാൾക്ക് അക്കൗണ്ടുണ്ട്. ജില്ലാ കളക്ടറുടെ നിർദേശത്തെ തുടർന്ന് കക്ഷികൾക്കുള്ള നഷ്ടപരിഹാരത്തുക ഇറിഗേഷൻ വകുപ്പ് നൽകുന്നതനുസരിച്ച് കളക്ടറുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് പതിവ്. അടുത്തിടെ ഇത്തരത്തിൽ കളക്ടറുടെ അക്കൗണ്ടിലേക്ക് അയച്ച 23 ലക്ഷത്തോളം രൂപ അവിടെ ലഭിച്ചിരുന്നില്ല.
ജീവനക്കാർ പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട ജോലികളിൽ മുഴുകിയിരുന്ന സമയത്ത് നടന്ന ഇടപാടിലെ തുകയാണ് ലഭിക്കാതിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. സ്പെഷ്യൽ തഹസിൽദാരുടെ ഡിജിറ്റൽ സിഗ്‌നേച്ചർ ഉപയോഗിച്ചാണ് ഫണ്ട് ട്രാൻസ്ഫർ നടക്കുന്നത്. ഇത് ദുരുപയോഗം ചെയ്ത് ഉല്ലാസ്‌മോൻ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റുകയായിരുന്നു.