play-sharp-fill
ആരെങ്കിലും ഇനി ജീവനോടെ ഉണ്ടാകുമോ..! അൻപത് പേർ മണ്ണിനടിയിൽ കുടുങ്ങിയ ആ നാട്ടിൽ ജീവന്റെ അവസാന തുടിപ്പിനായി തിരച്ചിൽ തുടരുന്നു; മരിച്ചു മരവിച്ച് ലഭിച്ചത് ഒൻപത് മൃതദേഹങ്ങൾ

ആരെങ്കിലും ഇനി ജീവനോടെ ഉണ്ടാകുമോ..! അൻപത് പേർ മണ്ണിനടിയിൽ കുടുങ്ങിയ ആ നാട്ടിൽ ജീവന്റെ അവസാന തുടിപ്പിനായി തിരച്ചിൽ തുടരുന്നു; മരിച്ചു മരവിച്ച് ലഭിച്ചത് ഒൻപത് മൃതദേഹങ്ങൾ

സ്വന്തം ലേഖകൻ
മലപ്പുറം: ഒരായുസിന്റെ മൊത്തം സമ്പാദ്യത്തിനൊപ്പം മണ്ണിനോടൊപ്പം ചേർ്ന്നിരിക്കുകയാണ് ഒരു നാട് മുഴുവനും. അൻപതു പേർ മണ്ണിനടിയിലായ ആ നാ്ട്ടിൽ ഇപ്പോൾ നടക്കുന്നത് ജീവന്റെ അവസാന തുടിപ്പ് തേടിയുള്ള തിരച്ചിലാണ്. വ്യാഴാഴ്ച രാത്രി ഉരുൾപൊട്ടി അറുപതിലേറെ ജീവനുകൾ മണ്ണിനടിയിൽ കുടുങ്ങിയ കവളപ്പാറയിൽ ആറുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. വെള്ളിയാഴ്ച മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇതോടെ മൊത്തം മരണം ഒമ്പതായി. മണ്ണിനടിയിൽപ്പെട്ട അമ്പതിലേറെ പേർക്കായി സൈന്യത്തിന്റെ സഹായത്തോടെ ഞായറാഴ്ചയും തിരച്ചിൽ തുടരുമെന്നാണ് ജില്ലാ ഭരണ കൂടം നൽകുന്ന സൂചന.
ഉരുൾപൊട്ടലിൽ 40 അടിയോളം മണ്ണും കല്ലും മൂടിയ കവളപ്പാറയിൽ കടുത്ത പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ചാണ് പൊലീസ് ഫയർഫോഴ്‌സ് സന്നദ്ധപ്രവർത്തകർ എന്നിവരടങ്ങിയ സംഘം രക്ഷാപ്രവർത്തനം നടത്തുന്നത്. കനത്ത മഴ തുടർന്നത് രക്ഷാപ്രവർത്തനത്തിൽ ഇടയ്ക്കിടെ തടസങ്ങൾ സൃഷ്ടിച്ചു. കടുത്ത മൂടൽമഞ്ഞും കുത്തിയൊലിച്ച വെള്ളവും കാരണം വീണ്ടും ഉരുൾപൊട്ടലുണ്ടായെന്ന സംശയം പരന്നത് വലിയ ആശങ്കയ്ക്കിടയാക്കി. എന്നാൽ ഉരുൾപൊട്ടലുണ്ടായിട്ടില്ലെന്നും വൈകിട്ട് ആറുവരെ രക്ഷാപ്രവർത്തനം നടന്നതായും ദൗത്യത്തിന് നേതൃത്വം നൽകിയ മലപ്പുറം എസ്.പി യു. അബ്ദുൾ കരീം പറഞ്ഞു. ഞായറാഴ്ച സൈന്യത്തിന്റെ സേവനവും കൂടുതൽ ഉപകരണങ്ങളും ഉപയോഗിച്ച് രക്ഷാപ്രവർത്തനം വിപുലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാത്രി ഏഴരയ്ക്കാണ് കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായത്. പിറ്റേന്ന് രാവിലെയാണ് അധികാരികൾക്ക് സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. നിലമ്പൂർ നഗരത്തിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് പ്രദേശം. 43ഓളം വീടുകൾ മണ്ണിനടിയിലാണെന്നും 63 പേരെ കാണാതായെന്നും പി.വി. അൻവർ എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കാണാതായവരുടെ ലിസ്റ്റ് തയ്യാറാക്കുന്നുണ്ട്. രക്ഷാപ്രവർത്തനത്തിന് മനുഷ്യസാദ്ധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുടുങ്ങിക്കിടക്കുന്നത് 200ലേറെ പേർ
നിലമ്പൂരിൽ ഒറ്റപ്പെട്ട നാലുകോളനികളിലായി കുടുങ്ങിക്കിടക്കുന്ന 200ലേറെ പേരെ പുറത്തെത്തിക്കാനുള്ള ശ്രമവും ഇന്നലെ വിജയിച്ചില്ല. ഇരുട്ടുകുത്തി, വാണിയമ്പുഴ കോളനികളുമായി ഇന്നലെ സമ്പർക്കം പുലർത്താനായെങ്കിലും കുമ്പളപ്പാറ, തരിപ്പപ്പൊട്ടി കോളനികളിലുള്ളവരെക്കുറിച്ച് യാതൊരു വിവരവും അധികൃതർക്കില്ല. മതിയായ ഉപകരണങ്ങളുടെ അഭാവമാണ് ഇരുട്ടുകുത്തി, വാണിയമ്പുഴ കോളനികളിലെ 75ഓളം പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് തടസമായത്. കോളനികളിലെത്തിയ രക്ഷാപ്രവർത്തകരുടെ കൈവശമുള്ള ചെറിയ ബോട്ടിൽ കയറി കനത്ത കുത്തൊഴുക്കുള്ള ചാലിയാറിലൂടെ യാത്രചെയ്യാൻ കോളനിവാസികളും വിസമ്മതിച്ചു. വലിയ ബോട്ടുകളെത്തിച്ച് ഇവരെ രക്ഷപ്പെടുത്താനാണ് തീരുമാനം. വടവും കപ്പിയും ഉപയോഗിച്ച് ഭക്ഷണം കോളനികളിലേക്കെത്തിക്കാൻ ആരംഭിച്ചിട്ടുണ്ട്. അതേസമയം, കുമ്പളപ്പാറ, തരിപ്പപ്പൊട്ടി കോളനികളിലുള്ളവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വൈകിട്ടോടെ സൈന്യത്തിന്റെ 45 അംഗ സംഘം നിലമ്പൂരിലെത്തിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണസേനയുടെ കൂടുതൽ സംഘങ്ങളെയും ജില്ലയിലെത്തിച്ചു. ഇവരുടെ നേതൃത്വത്തിൽ തെരച്ചിൽ ഊർജ്ജിതമാക്കും. വാണിയമ്പുഴയിൽ ആറു വീടുകൾ ഒലിച്ചുപോയിട്ടുണ്ട്. പ്‌ളാന്റേഷൻ കോർപ്പറേഷന്റെ എസ്റ്റേറ്രിൽ 14 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്.
കോട്ടക്കുന്നിൽ മണ്ണിനടിയിൽ പെട്ടവരെ രക്ഷപ്പെടുത്താനായില്ല
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ  വ്യാപകമായി ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. മലപ്പുറം കോട്ടക്കുന്നിൽ വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ വീടിനുള്ളിലകപ്പെട്ട കോട്ടക്കുന്നിന്റെ വടക്കുഭാഗത്തെ ചോലറോഡിലെ സത്യന്റെ ഭാര്യ സരോജിനി(50), മരുമകൾ ഗീതു(22), ഗീതുവിന്റെ ഒന്നരവയസുകാരനായ മകൻ ധ്രുവൻ എന്നിവരെ രക്ഷപ്പെടുത്താനായില്ല. ഫയർഫോഴ്സും പൊലീസും ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരും ചേർന്നു നടത്തിയ പരിശോധനയിൽ വീട് നിൽക്കുന്ന ഭാഗം പോലും കാണാനായിട്ടില്ല. അതേ സമയം കഴിഞ്ഞ ദിവസം ഉരുൾപൊട്ടലുണ്ടായതിന്റെ നേരെ മുകൾ ഭാഗത്തായി
30മീറ്റർ നീളത്തിൽ 15 സെന്റീമീറ്റർ വീതിയള്ള പുതിയ വിള്ളലും കോട്ടക്കുന്നിൽ ഇന്നലെ രൂപപ്പെട്ടു. കഴിഞ്ഞ ദിവസം അപകടമുണ്ടായ അതേ രീതിയിലുള്ള ദുരന്തത്തിന് ഇത് കാരണമാകുമെന്ന് ജിയോളജി വകുപ്പധികൃതർ പറഞ്ഞു.
മണ്ണിടിച്ചിലും വെള്ളക്കെട്ടും കാരണം ജില്ലയിൽ ബസ് സർവീസ് നിശ്ചലമായിരുന്നു. ജനജീവിതം ഏറെക്കുറെ സ്തംഭിച്ചു. നിലമ്ബൂർ ടൗണിൽ വൈകിട്ട് വെള്ളക്കെട്ടിന് നേരിയ ശമനം വന്നതോടെ ചരക്കുലോറികളും സ്വകാര്യ വാഹനങ്ങളും ഓടാൻ തുടങ്ങിയിട്ടുണ്ട്.