വിദേശത്ത് നിന്നും കോട്ടയത്ത് എത്തിയത് 13 പേർ : ഏഴു പേർ ക്വാറൻ്റയിൻ കേന്ദ്രത്തിൽ; ഗർഭിണികളടക്കം ആറു പേർ കോട്ടയത്ത് എത്തിയില്ല: സംസ്ഥാനത്ത് എത്തിയതിൽ എട്ടു പേർക്ക് രോഗലക്ഷണം
സ്വന്തം ലേഖകൻ
കോട്ടയം : കോവിഡ് 19 പേടിയിൽ വിദേശത്ത് നിന്ന് ജീവനും ജീവിതവും വാരിപ്പിടിച്ച് അവർ ജന്മനാടിൻ്റെ ലാളനയിലേയ്ക്ക് എത്തി. അബുദാബിയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ കോട്ടയം ജില്ലക്കാരില്‍ ഏഴു പേരാണ് കെ.എസ്.ആര്‍.ടി.സി ബസില്‍ കോട്ടയത്തെ ക്വാറന്റയിന്‍ സെന്ററിൽ പുലർച്ചെ എത്തിയത്.
നെടുമ്പാശ്ശേരിയില്‍ എത്തിയവരില്‍ 13 പേരാണ് കോട്ടയം ജില്ലയില്‍നിന്നുള്ളത്. ഇവരില്‍ 77 വയസുകാരനെയും മൂന്ന് ഗര്‍ഭിണികളെയും രണ്ടു കുട്ടികളെയും ക്വാറന്റയിന്‍ കേന്ദ്രത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. ഇവർ എറണാകുളത്ത് തന്നെ തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട ജില്ലയില്‍നിന്നുള്ളവരെയും ഇതേ ബസിലാണ് കൊണ്ടുവരുന്നത്. കോട്ടയത്തെ ക്വാറന്റയിന്‍ സെന്ററിലെത്തിയശേഷം ബസ് പത്തനംതിട്ടയിലേക്ക് പോയി. കോട്ടയത്തെ ക്വാറന്റയിന്‍ സെന്ററിലെ ക്രമീകരണങ്ങള്‍ രാത്രി ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബാബുവും ജില്ലാ പോലീസ് മേധാവി ജി. ജയദേവും വിലയിരുത്തിയിരുന്നു.
കോട്ടയം ജില്ലയില്‍നിന്നുള്ള ഏഴു പേരെ ക്വാറന്‍റയിന്‍ സെന്‍ററില്‍ എത്തിച്ചിട്ടുണ്ട്. തഹസില്‍ദാര്‍ എസ്. ശ്രീജിത്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.കെ. രമേശന്‍, കടുത്തുരുത്തി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് പ്രവാസികളെ സ്വീകരിച്ചു.
ആദ്യ രണ്ട് വിമാനങ്ങളില്‍ കേരളത്തിലെത്തിയ പ്രവാസികളെ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മുന്‍കൂട്ടി നിശ്ചയിച്ച ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് എട്ടുപേരെ ആശുപത്രിയിലേക്കും മാറ്റി.
കൊച്ചി വിമാനത്താവളത്തിലെത്തിയ അഞ്ചുപേരെയും കരിപ്പൂരിലെത്തിയ മൂന്നുപേരെയുമാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. കൊച്ചിയിലെത്തിയവരെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കരിപ്പൂരില്‍ എത്തിയവരില്‍ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റു രണ്ടു പേരെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്കുമാണ് മാറ്റിയത്.
അബുദാബിയില്‍നിന്നും 181 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് കൊച്ചിയിലെത്തിയത്. വ്യാഴാഴ്ച രാത്രി 10.08നാണ് വിമാനം കൊച്ചിയുടെ മണ്ണിലിറങ്ങിയത്.യാത്രക്കാരില്‍ 49 ഗര്‍ഭിണികളും നാലു കുട്ടികളുമാണ് ഉണ്ടായിരുന്നത്.
ദുബായില്‍നിന്നും 182 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം കരിപ്പൂരിലെത്തിയത് വ്യാഴാഴ്ച രാത്രി 10.32നാണ്. വിമാനത്തില്‍നിന്നും 20 പേരെ വീതം ഘട്ടം ഘട്ടമായാണ് പുറത്തിറക്കിയത്. യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ബോധവത്കരണ ക്ലാസും നടത്തി.