ഇതരസംസ്ഥാന തൊഴിലാളികളുടെ മണ്ടത്തരം: പൊൻകുന്നത്ത് നഷ്ടമായത് രണ്ട് ജീവൻ; സിമന്റ് ഇഷ്ടികയ്ക്കടിയിൽ ഞെരിഞ്ഞമർന്നത് രണ്ട് യുവാക്കൾ
സ്വന്തം ലേഖകൻ
പൊൻകുന്നം: ഇതരസംസ്ഥാന തൊഴിലാളികളെ പണിയ്ക്ക് വിളിയ്ക്കുന്ന മലയാളികൾ ഏറ്റവുമധികം ലക്ഷ്യംവയ്ക്കുന്നത് ലാഭം മാത്രമാണ്. പരമാവധി ഇവരെ പണിയെടുപ്പിക്കാൻ സാധിക്കുന്നതും കുറഞ്ഞ കൂലിയുമാണ്് ഇവരുടെ ഏറ്റവും വലിയ ആകർഷണം. എന്നാൽ, ഇതേ തൊഴിലാളികളുടെ ആനമണ്ടത്തരമാണ് ഇപ്പോൾ പൊൻകുന്നത്ത് രണ്ട് ജീവൻ അപഹരിച്ചത്. ശനിയാഴ്ച രാവിലെ മാത്രം നിർമ്മാണം ആരംഭിച്ച മതിലിനു മുകളിൽ മൂന്നു പേർ ഒരേ സമയം കയറി നിന്നതോടെയാണ് പൊൻകുന്നത്ത് മതിൽ ഇടിഞ്ഞു വീണത്. പത്ത് അടി ഉയരമുള്ള മതിൽ ഇടിഞ്ഞു വീണതോടെ ഇതിന്റെ അടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ് രണ്ട് യുവാക്കൾദാരുണമായി കൊല്ലപ്പെടുകയും ചെയ്തു. വെസ്റ്റ് ബംഗാൾ ദുപ്ഗുരി ജാസൽബാൻ ജക്കീർ ഹൊസൈൻ (21) കുച്ച് ബിഹാർ ജോറോഫിമുലി റബ്ബാനി മിയ (23) എന്നിവർക്കാണ് ദാരുണാന്ത്യമുണ്ടായത്. ഇഷ്ടികക്കട്ട തലയിൽ വീണ് ഇരുവരും ബോധരഹിതരായി കിടക്കുന്നത് കണ്ടിട്ടും തിരിഞ്ഞ് നോക്കാതെ ഒപ്പമുണ്ടായിരുന്ന മൂന്നു പേർ രക്ഷപെട്ടു. ഇത് ദുരന്തത്തിന്റെ വ്യാപ്തി ഇരട്ടിയാക്കി മാറ്റി.
ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അപകടം. കാഞ്ഞിരപ്പള്ളി കോടതിപ്പടിയ്ക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് പത്ത് അടി ഉയരത്തിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്. ദിവസങ്ങളായി പ്രദേശത്ത് ഇതര സംസ്ഥാന തൊഴിലാളികൾ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു. ശനിയാഴ്ച രാവിലെയാണ് ഇപ്പോൾ അപകടം ഉണ്ടായ പ്രദേശത്തെ നിർമ്മാണം ആരംഭിച്ചത്. സിമന്റ് കൂട്ടിയ ശേഷം ഇഷ്ടികകൾ അടുക്കിവച്ച് നിർമ്മാണം നടത്തിയിരുന്നു. വൈകിട്ട് നാലുമണിയോടെ ആകാശത്ത് മഴക്കാർ കണ്ടതോടെ കെട്ടിടത്തിന്റെ ഉടമസ്ഥൻ മതിലിന്റെ കെട്ടിയ ഭാഗം പടുത ഉപയോഗിച്ച് മറയ്ക്കാൻ ആവശ്യപ്പെട്ടു. ഉടമസ്ഥൻ പോയതിനു പിന്നാലെ മൂന്നംഗ സംഘം പടുതായുമായി നിർമ്മാണം അപ്പോൾ മാത്രം പൂർത്തിയാക്കിയ മതിലിന്റെ മുകളിൽ കയറി. ഇഷ്ടിക ഇളകിയ മതിൽ താഴെ നിന്ന ജക്കീറിന്റെയും, റബാനിയുടെയും തലയിലേയ്ക്കാണ് വീണത്. മതിലിന്റെ അടിയിൽ കിടന്ന് പുളയുന്ന ഇരുവരെയും കണ്ടെങ്കിലും താഴെ വീണ മറ്റ് മൂന്നു പേരും ഇവിടെ നിന്ന് ഓടിരക്ഷപെട്ടു. പത്തു മിനിറ്റോളം മതിലിന്റെ അടിയിൽ കിടന്ന ശേഷമാണ് സംഭവം നാട്ടുകാർ അറിഞ്ഞത്.
ഓടിയെത്തിയവർ ചേർന്ന് ഇരുവരെയും എടുക്കാൻ ശ്രമിച്ചെങ്കിലും ആദ്യം മടിച്ച് നിന്നു. പിന്നീട്, അഗ്നിരക്ഷാ സേനയും പൊലീസും എത്തിയ ശേഷമാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപ്പോഴേയ്ക്കും രണ്ടു പേരും മരിച്ചിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പൊപലീസ് കേസെടുത്തു.