രാമന്തളിയിലെ കൂട്ടമരണം: ഭാര്യ കള്ളക്കേസുകള്‍ നല്‍കി നിരന്തരമായി മാനസികമായി പീഡിപ്പിച്ചു; ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ പുറത്ത്

Spread the love

രാമന്തളിയിലെ കൂട്ടമരണത്തില്‍ കലാധരൻ്റെ ആത്മഹത്യാകുറിപ്പിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കലാധരന്റെ ഭാര്യ കള്ളക്കേസുകള്‍ നല്‍കി നിരന്തരമായി മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്നാണ് കത്തിൽ പറയുന്നത്. കലാധരനും ഭാര്യ നയൻതാരയും തമ്മില്‍ കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കലാധരന്റെ കൂടെ താമസിക്കുന്ന രണ്ടു മക്കളെയും അമ്മയ്ക്ക് ഒപ്പം വിടാൻ കോടതി വിധി വന്നിരുന്നു. ഇതിന് പിന്നാലെ നയൻതാര മക്കളെ ആവശ്യപ്പെട്ട് വിളിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

video
play-sharp-fill

എന്നാല്‍ മക്കള്‍ക്ക് അമ്മയ്ക്കൊപ്പം പോകാൻ താല്‍പ്പര്യമില്ലായിരുന്നുവെന്നും ജീവിതം മടുത്തെന്നും ഇങ്ങനെ മുന്നോട്ട് പോവാൻ കഴിയില്ലെന്നും കലാധരൻ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് രണ്ടും ആറും വയസ്സുള്ള മക്കളെ കൊലപ്പെടുത്തിയ ശേഷം കലാധരനും അമ്മയും വീട്ടില്‍ തൂങ്ങിമരിച്ചത്. ഭാര്യയുമായി അകന്ന് കഴിയുന്നതിനാല്‍ മക്കളുടെ സംരക്ഷണം സംബന്ധിച്ച തർക്കം കോടതി കയറിയതാണ് കുടുംബ പ്രശ്നം രൂക്ഷമാക്കിയത്.

അതേസമയം, നാല് പേരുടെയും പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലാണ് സൂക്ഷിച്ചിട്ടുള്ളത്. കലാധരൻ (38), അമ്മ ഉഷ (60), കലാധരൻ്റെ മക്കള്‍ ഹിമ (5), കണ്ണൻ (2) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉഷയുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായ ഉണ്ണികൃഷ്ണൻ വീട്ടിലെത്തിയപ്പോള്‍ വീട് അടച്ച നിലയിലായിരുന്നു കിടന്നിരുന്നത്. വിളിച്ചിട്ട് ആരും പ്രതികരിക്കാതെ വന്നതിന് പിന്നാലെ നോക്കുമ്ബോഴാണ് വീടിനു മുന്നില്‍ എഴുതി വച്ചിരുന്ന കത്ത് ഉണ്ണികൃഷ്ണൻ കാണുന്നത്. ഇതോടെ ഉണ്ണികൃഷ്ണൻ കത്തുമായി പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി വീട് തുറന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ ഉഷയെയും കലാധരനെയും തൂങ്ങിമരിച്ച നിലയിലും മക്കളെ നിലത്ത് മരിച്ചു കിടക്കുന്ന നിലയിലുമായി കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group