
ഭോപ്പാല്‍: എൻജിനീയറിങ് പഠനം പൂർത്തിയായതിന് പിന്നാലെ ബെംഗളൂരുവില്‍ ജോലി ലഭിച്ചതിന്റെ സന്തോഷത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാർട്ടി നല്‍കാൻ പോയ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി പോലീസ്.
ഉദിത് ഗയാകെ (22) യാണ് കൊല്ലപ്പെട്ടത്. പിപ്ലാനി പ്രദേശത്ത് ഉദിത് തന്റെ സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്നതിനിടെയാണ് രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍മാർ എത്തി ക്രൂരമായി മർദ്ദിച്ചത്. പിന്നാലെ ആശുപത്രിയില്‍ എത്തിച്ച ഉദിത് ഭോപ്പാല്‍ എയിംസില്‍ വെച്ച് മരണപ്പെടുകയായിരുന്നു.
വ്യാഴാഴ്ച രാത്രി (ഒക്ടോബർ 9) അർധ രാത്രിയിലാണ് സംഭവം. രാത്രി വൈകി ഇന്ദ്രപുരിയില്‍ പാർട്ടി നടത്തുകയായിരുന്നു ഉദിതും രണ്ടു കൂട്ടുകാരും. ഇതിനിടെയാണ് പൊലിസ് എത്തിയത്. അവരെ കണ്ടപ്പോള്‍ ഉദിത് പരിഭ്രാന്തനായി അടുത്തുള്ള ഒരു ഇടവഴിയിലേക്ക് ഓടി. ‘പിന്നീട് ഉദിത്തിനെ മർദിക്കുന്ന ശബ്ദം ഞങ്ങള്‍ കേട്ടു. തിരിച്ചെത്തിയപ്പോള്‍ അവന്റെ ഷർട്ട് കീറിയിരുന്നു, അവന്റെ ശരീരത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു,” സുഹൃത്തുക്കള്‍ പറഞ്ഞു.
പൊലിസുകാരില്‍ ഒരാള്‍ ഉദിതിനെ നിഷ്കരുണം മർദ്ദിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. മറ്റൊരാള്‍ തോക്കുമായി സമീപത്ത് നിന്നുകൊണ്ട് നോക്കി നില്‍ക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. സംഭവത്തില്‍ മകനെ പൊലിസ് ഒരു മൃഗത്തെപ്പോലെയാണ് ആക്രമിച്ചതെന്ന് പിതാവ് രാജ്കുമാർ ഗയാകെ ആരോപിച്ചതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്തു.
ബെംഗളൂരുവിലെ ഒരു ഐടി സ്ഥാപനത്തില്‍ നിന്ന് മകന് ജോലി ഓഫർ ലഭിച്ചിട്ടുണ്ടെന്നും അത് ആഘോഷിക്കാൻ വേണ്ടിയാണ് അവൻ സുഹൃത്തുക്കളെ കാണുന്നത് എന്നും പിതാവിന് അറിയില്ലായിരുന്നു. സുഹൃത്തുക്കളെ കാണാൻ പോവുകയാണെന്ന് അറിയിച്ചിരുന്നു. അത് അവന്റെ വിളിയാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പിതാവ് പറഞ്ഞു.
മകന്റെ തല, തോള്‍, പുറം, ഞരമ്ബ്, കണ്ണ് എന്നിവയില്‍ മുറിവേറ്റ നിലയിലാണ് ഉണ്ടായിരുന്നതെന്ന് പിതാവ് പറഞ്ഞു. ഒരു മൃഗത്തെപ്പോലെയാണ് അവനെ അവർ കൊന്നത് – ഉദിത്തിന്റെ പിതാവ് പറഞ്ഞതായി റിപ്പോർട്ടില്‍ പറയുന്നു.സംഭവത്തില്‍, ഭോപ്പാലിലെ പിപ്ലാനി പൊലിസ് സ്റ്റേഷനിലെ സന്തോഷ് ബമാനിയ, സൗരഭ് ആര്യ എന്നീ പ്രതികള്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. രണ്ട് പ്രതികളുടെയും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന്, കൊലപാതക കേസ് രജിസ്റ്റർ ചെയ്തതായി സ്ഥിരീകരിച്ചുകൊണ്ട് ഡെപ്യൂട്ടി പൊലിസ് കമ്മീഷണർ (സോണ്‍ II) വിവേക് സിംഗ് പറഞ്ഞു.
ഔദ്യോഗികമായി കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്ബ് തന്നെ കോണ്‍സ്റ്റബിള്‍മാരെ സസ്പെൻഡ് ചെയ്തിരുന്നു.