play-sharp-fill
ചങ്ങനാശേരിയിൽ യുവാക്കളുടെ സംഘങ്ങൾ ഏറ്റുമുട്ടി: അക്രമത്തിനിടെ നിലത്തു വീണ യുവാവ് കൊല്ലപ്പെട്ടു:  അക്രമി സംഘത്തിലെ രണ്ടു പേർ കസ്റ്റഡിയിൽ

ചങ്ങനാശേരിയിൽ യുവാക്കളുടെ സംഘങ്ങൾ ഏറ്റുമുട്ടി: അക്രമത്തിനിടെ നിലത്തു വീണ യുവാവ് കൊല്ലപ്പെട്ടു: അക്രമി സംഘത്തിലെ രണ്ടു പേർ കസ്റ്റഡിയിൽ

ക്രൈം ഡെസ്ക്

ചങ്ങനാശേരി: വാക്ക് തർക്കത്തെ തുടർന്ന മാർക്കറ്റിനുള്ളിൽ ഏറ്റുമുട്ടിയ യുവാക്കളുടെ സംഘത്തിലെ ഒരാൾ അക്രമത്തിനിടെ കൊല്ലപ്പെട്ടു. അടിപിടിയ്ക്കിടെ തറയിൽ വീണ യുവാവാണ് മരിച്ചത്. അടിപിടിയ്ക്കിടെ മർമ്മത്ത് അടി കിട്ടിയതാവാം മരണകാരണം എന്ന് സംശയിക്കുന്നു. സംഘർഷത്തിൽ രണ്ടു യുവാക്കൾക്ക് പരിക്കേൽക്കുകയും , രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.

ചങ്ങനാശേരി പുല്ലംപ്ലാവിൽ ബേബിച്ചന്റെ മകൻ ജിബിൻ ആന്റണി (32) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെ ചങ്ങനാശേരി മാർക്കറ്റിൽ പണ്ടകശാലക്കടവ് ഭാഗത്തു വച്ചാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കം , വാക്കേറ്റത്തിലേയ്ക്കും പിന്നീട് സംഘർഷത്തിലേയ്ക്കും നീങ്ങുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരു വിഭാഗം തമ്മിൽ ഉണ്ടായ തർക്കത്തെ തുടർന്ന് രണ്ടു പേരെയും പിടിച്ചു മാറ്റാൻ ഇടയ്ക്ക് കയറിയതായിരുന്നു ജിബിൻ. ഇതിനിടെ വീണ്ടും സംഘർഷമുണ്ടാവുകയും പിടിച്ചു മാറ്റാൻ കയറിയ ജിബിൻ താഴേക്ക് വീഴുകയും ആയിരുന്നു. സംഘർഷത്തിനിടെ തലയ്ക്ക് അടിയേറ്റാണ് ജിബിൻ വീണത് എന്നാണ് പൊലീസ് നൽകുന്ന സൂചന.

ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ ചേർന്ന് ജിബിനെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ചങ്ങനാശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെ മാർക്കറ്റ് ഭാഗത്ത് വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ഇരു വിഭഗങ്ങൾ തമ്മിൽ ഏറ്റു മുട്ടിയിരുന്നു.

സംഘർഷം രാത്രിയിലും തുടർന്നതോടെ ആണ് യുവാവിന്റെ മരണത്തിലേക്ക് എത്തിയതെന്നാണ് സൂചന.യുവാവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ചൊവ്വാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം കണ്ടത്താൻ കഴിയൂ എന്ന് പോലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് താലൂക്ക് ജനറൽ ആശുപത്രിയിൽ വലിയ ജനക്കൂട്ടം തടിച്ചു കൂടി. ചങ്ങനാശേരി ഡി വൈ എസ് പി എസ്.സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ വൻ പോലീസ് സഘവും ആശുപത്രിയിൽ എത്തിയിരുന്നു. കസ്റ്റഡിയിൽ എടുത്ത പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൃത്യമായ സൂചന ലഭിച്ച ശേഷം ഉച്ചയോടെ അറസ്റ്റ് ഉണ്ടായേക്കും.
അമ്മ: ജാൻസി. സഹോദരങ്ങൾ: ജോബിൻ, ജിജൻ.