അയർക്കുന്നം വെള്ളാപ്പള്ളി പള്ളിയിലെ വൈദികന്റെ ആത്മഹത്യ: ആ നാലു കാരണങ്ങൾ ആത്മഹത്യയിലേയ്ക്കു നയിച്ചു. വൈദികന്റെ മരണത്തിനു പിന്നിലെ കാരണങ്ങൾ കണ്ടെത്തി പൊലീസ്; ദുരൂഹത നിറഞ്ഞ ആത്മഹത്യയിൽ ഒന്നാം പ്രതി സഭ…!
തേർഡ് ഐ ബ്യൂറോ
കോട്ടയം: അയർക്കുന്നം വെള്ളാപ്പള്ളി പള്ളിയിലെ വൈദികന്റെ മരണം ആത്മഹത്യ തന്നെയന്നു ഉറപ്പിക്കുമ്പോഴും മരണത്തിലെ ദുരൂഹത നീക്കാനാവാതെ പൊലീസ്. വൈദികന്റെ മരണത്തിനു പിന്നിലുള്ള കാരണങ്ങൾ പൊലീസ് കണ്ടെത്തിയതോടെ മരണത്തിനു പിന്നിൽ സഭയുടെ മാനസിക പീഡനങ്ങൾ തന്നെയാണ് എന്നു വ്യക്തമാകുകയാണ്. വൈദികനെ മാനസികമായി പീഡിപ്പിച്ച് സഭ തന്നെ കൊലയ്ക്കു കൊടുക്കുകയായിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
അയർക്കുന്നം പുന്നത്തുറ വെള്ളാപ്പള്ളി പള്ളിയിലെ വികാരി ഫാ.ജോർജ് എട്ടുപറയിലിന്റെ മരണത്തിൽ നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകിയ മൃതദേഹം സ്വദേശത്ത് എത്തിച്ചു സംസ്‌കരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, വൈദികന്റെ ആത്മഹത്യയ്ക്കു പൊലീസ് നാല് കാരണങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. പള്ളിയിൽ അടുത്തിടെയുണ്ടായ പൊട്ടിത്തെറിയിൽ നാലു പേർക്കു പരിക്കേറ്റവരെ സാമ്പത്തികമായി സഹായിക്കാനാവാതത്തതും, ഈ പൊട്ടിത്തെറി കേസാകുമെന്ന ഭയവും, ഇദ്ദേഹത്തിനു ബാധിച്ച കാൻസർ രോഗവും, സഭാ വിശ്വാസികളിലെ ഭിന്നിപ്പുമാണ് മരണത്തിനുള്ള നാലു കാരണമായി പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ജൂൺ അഞ്ചിനു പള്ളിയിലെ പുകപ്പുരയിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. ഈ പൊട്ടിത്തെറിയിൽ പരിക്കേറ്റ നാലു ജീവനക്കാരെ വൈദികൻ മുൻകൈ എടുത്ത് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ് എത്തിച്ചത്. തെള്ളകം മാതാ ആശുപത്രിയിൽ ഇവരെ ചികിത്സിച്ചതിനു വൻ തുക ചിലവായിരുന്നു. ഈ തുക ആവശ്യപ്പെട്ടു സഭയെ വൈദികൻ സമീപിച്ചെങ്കിലും ഇത് നൽകാൻ സഭ തയ്യാറായില്ല. പള്ളിയിൽ കൂലിപ്പണിയ്ക്ക് എത്തിയവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെതിരെ ഒരു വിഭാഗം വിശ്വാസികളും, സഭയിലെ ചിലരും വൈദികനെതിരെ തിരിഞ്ഞിരുന്നു. ഇതെല്ലാം ഇദ്ദേഹത്തെ മാനസിക സമ്മർദത്തിലാക്കിയതായാണ് വിവരം.
ഇത് കൂടാതെ പള്ളിയിൽ സ്‌ഫോടക വസ്തു സൂക്ഷിച്ചതാണ് പൊട്ടിത്തെറിയ്ക്കു കാരണമായതെന്നു ആരോപണം ഉയർന്നിരുന്നു. ഈ വിഷയത്തിൽ പൊലീസ് കേസുണ്ടാകുമെന്നു ഇദ്ദേഹം ഭയന്നിരുന്നു. ഇതും മരണത്തിനു കാരണമായതായി സൂചനയുണ്ട്.
ഇത് കൂടാതെ വർഷങ്ങളായി ഇദ്ദേഹം മൂത്രാശയ സംബന്ധമായ കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു. അമേരിക്കയിൽ ഈ രോഗത്തിനു ഇദ്ദേഹം ചികിത്സ തേടിയിരുന്നു. ഈ ചികിത്സയ്ക്കും സഭയുടെ ഭാഗത്തു നിന്നും കാര്യമായ സഹായം ഇദ്ദേഹത്തിനു ലഭിച്ചിരുന്നില്ലെന്നു ഒരു വിഭാഗം ആരോപിക്കുന്നു. ഇത് കൂടാതെ ചികിത്സയുടെ കാര്യത്തിനായി ഇദ്ദേഹം അവധി ആവശ്യപ്പെട്ടെങ്കിലും നൽകാൻ സഭ തയ്യാറായില്ല. ഇതെല്ലാം വൈദികനെ മാനസിക വിഷമത്തിലാക്കിയിരുന്നു.
ഇത് കൂടാതെ സഭയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ അതിരൂക്ഷമായ ഭിന്നിപ്പ് നിലവിലുണ്ടായിരുന്നു. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന വിഭാഗമാണ് പള്ളിയുടെ കാര്യങ്ങൾ നടത്തിയിരുന്നത്. അതുകൊണ്ടു തന്നെ പള്ളിയിലെ കാര്യങ്ങളിൽ ഒരു ഏകാഭിപ്രായം ഉണ്ടായിരുന്നില്ല. ഇതെല്ലാം ചേർന്നു വൈദികനെ അസ്വസ്ഥനാക്കിയിരുന്നതായാണ് വിവരം.
നന്നായി നീന്തൽ അറിയാമായിരുന്ന വൈദികൻ തന്റെ മരണം ഉറപ്പാക്കണമെന്നുറപ്പിച്ചാണ് കയ്യിൽ കൈട്ടിട്ട് കിണറ്റിൽ ചാടിയതെന്നാണ് വിവരം. കയ്യിൽ കെട്ടിട്ടാൽ നീന്താനാവില്ലെന്നും ഇതുവഴി മരണം ഉറപ്പാകുമെന്നും ഇദ്ദേഹം ഉറപ്പിച്ചിരുന്നുവെന്നാണ് പൊലീസ് നിഗമനം.