കിടങ്ങൂരിൽ യുവാവ് മരിച്ചത് തലയ്ക്കുള്ളിലേറ്റ ക്ഷതം കാരണം: തലയിൽ രക്തം കട്ടപിടിച്ചത് മരണ കാരണമെന്നു പോസ്റ്റുമോർട്ടം; വിറകു കമ്പിന് അടികിട്ടിയത് തലയിലെ മർമ്മത്തിൽ; കേസിലെ പ്രതി അറസ്റ്റിൽ

കിടങ്ങൂരിൽ യുവാവ് മരിച്ചത് തലയ്ക്കുള്ളിലേറ്റ ക്ഷതം കാരണം: തലയിൽ രക്തം കട്ടപിടിച്ചത് മരണ കാരണമെന്നു പോസ്റ്റുമോർട്ടം; വിറകു കമ്പിന് അടികിട്ടിയത് തലയിലെ മർമ്മത്തിൽ; കേസിലെ പ്രതി അറസ്റ്റിൽ

ക്രൈം ഡെസ്‌ക്

കോട്ടയം: കിടങ്ങൂരിൽ യുവാവ് വിറകു കമ്പിന് തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. കിഴക്കേകൂടല്ലൂർ വെള്ളാപ്പള്ളിൽ ലൂയിസിന്റെ മകൻ ലിജോ ലൂയിസ് (39) വിറകു കമ്പിന് തലയ്ക്കടിയേറ്റു മരിച്ച സംഭവത്തിലാണ് പ്രധാനപ്രതിയെ അറസ്റ്റ് ചെയ്തത്. തലയ്ക്കടിയേറ്റതിനെ തുടർന്നു തലയ്ക്കുള്ളിൽ രക്തം കട്ടപിടിച്ചതാണ് ലിജോയുടെ മരണകാരണമെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചിലമ്പത്ത് ആൽബിൻ തോമസിനെ (25) കിടങ്ങൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സിബി തോമസ് അറസ്റ്റ് ചെയ്തു.

ഈസ്റ്റർ ദിനത്തിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ലിജോയും ആൽബിനും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഈസ്റ്റർ ദിനത്തിൽ ആൽബിന്റെ ബന്ധുവായ ഗിരീഷും ലിജോയും ഒന്നിച്ചിരുന്നു മദ്യപിച്ചിരുന്നു. മദ്യലഹരിയിലായ ഗിരീഷിനെ വീട്ടിൽ കൊണ്ടു വിടുന്നതിനായി ലിജോ ആൽബിന്റെ വീടിന്റെ സമീപത്ത് എത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ വച്ച് ആൽബിനും ലിജോയും തമ്മിൽ വാക്കേറ്റമുണ്ടായി. ആൽബിന്റെ വീടിനു മുന്നിൽ നിന്നു ലിജോ അസഭ്യം പറയുകയും ഉറക്കെ സംസാരിക്കുകയുമായിരുന്നു. ആൽബിന്റെ അച്ഛൻ ഇതിനെ ചോദ്യം ചെയ്തു. ഇതേ തുടർന്നു ലിജോയും ആൽബിനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ മുറ്റത്ത് കിടന്ന വിറക് കമ്പ് എടുത്ത് ആൽബിൻ ലിജോയെ അടിക്കുകയായിരുന്നു.

അടിയേറ്റു നിലത്തു വീണ ലിജോ, അൽപ സമയത്തിനു ശേഷം വീട്ടിലേയ്ക്കു പോയി. വീട്ടിൽ കിടന്നു ഉറങ്ങിയ ലിജോയെ തിരക്കി ആൽബിന്റെ അച്ഛന്റെ പരാതിയെ തുടർന്നു കിടങ്ങൂർ പൊലീസ് വീട്ടിലെത്തി. എന്നാൽ, ഈ സമയം ലിജോ എഴുന്നേറ്റില്ല. ഇതിനെ തുടർന്നു ലിജോയുടെ ഭാര്യ വിളിച്ചതോടെയാണ് ഇയാൾക്കു അനക്കമില്ലെന്നു കണ്ടെത്തിയത്. തുടർന്നു, നാട്ടുകാർ ചേർന്നു ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു..

തുടർന്നു കേസ് എടുത്ത് അന്വേഷണം നടത്തിയ പൊലീസ് സംഘമാണ് ലിജോയുടെ തലയ്ക്കു അടിയേറ്റതായി കണ്ടെത്തിയത്. തുടർന്നു നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ലിജോയുടെ തലയ്ക്കുള്ളിൽ രക്തസ്രാവം ഉണ്ടെന്നു കണ്ടെത്തിയത്. തലയുടെ മർമ്മത്ത് അടിയേറ്റ ലിജോ മരിക്കുകയായിരുന്നു. തുടർന്നു കേസ് അന്വേഷിച്ച പൊലീസ് സംഘം പ്രതിയായ ആൽബിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും.