
തേർഡ് ഐ ബ്യൂറോ
കോട്ടയം: വാകത്താനത്ത് കൂട്ടിയിടിച്ച രണ്ട് ആംബുലൻസുകളിൽ ഒന്ന് പോസ്റ്റിലിടിച്ച് ദാരുണമായി മരിച്ച 11 കാരന്റെ സംസ്‌കാരം ഞായറാഴ്ച നടക്കും. വാകത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ആംബുലൻസ് ഇടിച്ച പോസ്റ്റ് ഒടിഞ്ഞ്, കുട്ടി നിന്ന സ്ഥലത്തേയ്ക്കു വീഴുകയായിരുന്നു. പോസ്റ്റിന്റെ ഭാഗം തലയിൽ ഇടിച്ചാണ് കുട്ടി മരിച്ചത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വാകത്താനം കാടമുറി തേവരുച്ചിറയിൽ റെജിയുടെ മകൻ നാലുന്നാങ്കൽ സെന്റ് ഏലിയാസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി റോഷനാണ് (11) ശനിയാഴ്ച രാവിലെ 11 മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാകത്താനം പ്രാഥണികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസും, പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ആംബുലൻസും വാകത്താനം തേവരുച്ചിറയിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടമായ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
ഈ സമയം റോഡരികിലെ വെയിറ്റിംങ് ഷെഡിൽ നിൽക്കുകയായിരുന്നു കുട്ടി. ഒടിഞ്ഞ പോസ്റ്റിന്റെ ഒരു ഭാഗം കുട്ടിയുടെ തലയിൽ ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഥലത്ത് ഉണ്ടായിരുന്ന വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണാണ് കുട്ടിയ്ക്കു പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിലേയ്ക്കു മാറ്റിയത്.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും കുട്ടി മരിച്ചിരുന്നു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് നിഗമനം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് വാകത്താനം പരിയാരം സാൽവേഷൻ ആർമി സെമിത്തേരിയിൽ. അപകടത്തിൽ പൊലീസ് കേസെടുത്തു.