
തൃശൂര്‍: തൃശ്ശൂർ ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം. ഒല്ലൂർ സ്വദേശികളായ രാജേന്ദ്രബാബു(66),ഭാര്യ സന്ധ്യ കൊച്ചുമകൻ സമർഥ്(6) എന്നിവരാണ് മരിച്ചത്. രാജേന്ദ്ര ബാബുവിന്റെ മകൻ ശരത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ശരത്താണ് കാറോടിച്ചിരുന്നത് എന്നാണ് വിവരം. വാഹനം പൂർണമായും പുഴയിൽ മുങ്ങിപ്പോയതാണ് മരണസംഖ്യ കൂടാൻ കാരണമായത്.
ആറാട്ടുപുഴയിലെ ഒരു റിസോർട്ടിൽ നടന്ന വിവാഹചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയോടെ ആറാട്ടുപുഴ പാലത്തിന് അടിയിലുള്ള വഴിയിലൂടെ പോകുമ്പോൾ ആണ് അപകടം ഉണ്ടായത്. എതിരെ വന്ന മറ്റൊരു കാറിന് വഴിയൊരുക്കുന്നതിനിടെ കാർ പുഴയിലേക്ക് മറിയുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. അടിപ്പാതയ്ക്ക് സംരക്ഷണഭിത്തിയില്ലാതിരുന്നതാണ് അപകടത്തിന് കാരണമായത്. കാറിൽ നിന്നും പുറത്തെടുത്തപ്പോൾ തന്നെ മരണപ്പെട്ട മൂന്ന് പേരും അബോധാവസ്ഥയിലായിരുന്നുവെന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പറയുന്നു.