
ഹൈദരാബാദ്: ഉപേക്ഷിക്കപ്പെട്ട വീടിനുള്ളിൽ നിന്ന് മനുഷ്യാസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ നിർണായകമായത് പഴയ നോക്കിയ ഫോൺ.
ഹൈദരാബാദിലെ നമ്പള്ളിയില്‍ വർഷങ്ങളായി പൂട്ടിക്കിടന്നിരുന്ന വീട്ടില്‍ നിന്ന് തിങ്കളാഴ്ചയാണ് അസ്ഥികൂടം കണ്ടെത്തിയത്.
10 വർഷം മുൻപ് മരിച്ചതായി സംശയിക്കുന്ന അമീർ ഖാന്റേതാണ് ഈ അസ്ഥികൂടമെന്ന് പോലീസ് അറിയിച്ചു. വീടിന് സമീപത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് അസ്ഥികൂടം ആദ്യം കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ വീട്ടിനുള്ളിലേക്ക് വീണ പന്ത് എടുക്കാൻ അകത്ത് കയറിയ ഒരു പ്രദേശവാസി ചിത്രീകരിച്ച വീഡിയോ പുറത്തുവന്നപ്പോഴാണ് പുറംലോകം ഈ കാര്യം അറിയുന്നത്. ഉടൻ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് ഒരു പഴയ നോക്കിയ മൊബൈല്‍ ഫോണും നിരോധിച്ച കറൻസി നോട്ടുകളും കണ്ടെത്തി. ഫോണ്‍ നന്നാക്കിയ ശേഷം പരിശോധിച്ചപ്പോള്‍ 2015-ല്‍ 84 മിസ്ഡ് കോളുകള്‍ വന്നതായി കണ്ടെത്തി. ഇതോടെയാണ് മരിച്ചത് അമീർ ഖാനാണെന്ന് മനസിലായത്. മുനീർ ഖാൻ എന്നയാളുടേതാണ് വീട്. മുനീറിന് 10 കുട്ടികള്‍ ഉണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ മകൻ അമീർ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. മുനീർ ഖാൻ 2013-ല്‍ മരിച്ചിരുന്നു. അമീർ ഖാൻ മരിച്ചിട്ട് 10 വർഷത്തോളമായെന്നാണ് പോലീസ് നിഗമനം.
“50 വയസുണ്ടെന്ന് കണക്കാക്കുന്ന ഇയാള്‍ മരിച്ചിട്ട് ഏതാനും വര്‍ഷങ്ങളായി. അസ്ഥികള്‍ പോലും തകര്‍ന്നു തുടങ്ങിയിരുന്നു. ഒരു മല്‍പ്പിടുത്തത്തിന്‍റെ ലക്ഷണങ്ങളോ രക്തത്തിന്‍റെ പാടുകളോ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ സ്വാഭാവിക മരണമാണ് സംഭവിച്ചിട്ടുള്ളത്. അദ്ദേഹം 10 വർഷം മുമ്ബ് മരിച്ചിരിക്കണം. അദ്ദേഹത്തിന്റെ സഹോദരങ്ങളോ മറ്റോ അദ്ദേഹത്തെ അന്വേഷിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് തോന്നുന്നു. ഫോണിന് പുറമേ, തലയിണയ്ക്കടിയില്‍ നിന്ന് നിരോധിത കറൻസികളും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ 2016-ലെ നോട്ട് നിരോധനത്തിന് മുമ്പാണ് മരണമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.” – അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (എസിപി) കിഷൻ കുമാർ പറഞ്ഞു. അസ്ഥികൂട അവശിഷ്ടങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി മോർച്ചറിയിലേക്ക് മാറ്റി.