നാട്ടകത്ത് വെട്ടിയിടുന്നതിനിടെ മരത്തിന്റെ ചുവട് തലയ്ക്കടിച്ചു: അടിമാലി സ്വദേശിയ്ക്ക് ദാരുണാന്ത്യം

നാട്ടകത്ത് വെട്ടിയിടുന്നതിനിടെ മരത്തിന്റെ ചുവട് തലയ്ക്കടിച്ചു: അടിമാലി സ്വദേശിയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ

കോട്ടയം: നാട്ടകം ഗവ കോളജിലെ കെട്ടിട നിർമ്മാണത്തിനായി വെട്ടിമാറ്റുന്നതിനിടെ കട പുഴകി വീണ മരം തലയ്ക്കടിച്ച് അടിമാലി സ്വദേശിയ്ക്ക് ദാരുണാന്ത്യം. അടിമാലി മേനാച്ചേരി സ്വദേശി സജി ആന്റണി (48) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ നാട്ടകം ഗവ കോളജിന് മുന്നിലെ പുരയിടത്തിലായിരുന്നു സംഭവം. ഈ തോട്ടത്തിലെ റബർ മരങ്ങൾ വെട്ടിമാറ്റിയ ശേഷം ഇവിടെ കെട്ടിടം പണിയുന്നതിനായിരുന്നു പദ്ധതി. അടിമാലി സ്വദേശിയാണ് ഇതിനായി കരാർ എടുത്തിരുന്നത്. മരം വെട്ടുന്നതിനായി ഒരു മരത്തിന്റെ ശിഖരത്തിൽ കുടുക്ക് ഇട്ട ശേഷം മറ്റൊരു മരത്തിൽ ഉടക്കിയ ശേഷം വലിച്ച് പിടിച്ചിരിക്കുകയായിരുന്നു സജി. ഇത് വഴി കടന്ന് പോകുന്ന വൈദ്യുതി ലൈനിൽ മരം വീഴാതിരിക്കാനായാണ് ഇത്തരത്തിൽ മരം വലിച്ച് പിടിച്ചിരുന്നത്. ഇങ്ങനെ വലിച്ച് പിടിച്ചതിനിടെ വെട്ടിയിട്ട മരത്തിന്റെ ചുവട് സജിയുടെ ശരീരത്തിൽ വന്ന് അടിച്ചു. അടിയേറ്റ് തെറിച്ച് വീണ സജിയുടെ പുറത്തേയ്ക്കാണ് മരം വീണത്. ഒപ്പമുണ്ടായിരുന്നവർ ചേർന്ന് മരം വലിച്ചു മാറ്റി സജിയെ പുറത്തെടുത്തു. വായിൽ നിന്നും മുക്കിൽ നിന്നും ഈ സമയം രക്തം വാർന്ന് ഒഴുകിയിരുന്നു. തുടർന്ന് കോട്ടയം ഭാരത് അശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്.