
മനുഷ്യജീവനേക്കാള്‍ വില ഒ.പി ടിക്കറ്റിന്; കുഴഞ്ഞു വീണ രോഗിയെ ഒ.പി ചീട്ടില്ലാത്തതിനാൽ ഡോക്ടർ പരിശോധിച്ചില്ല; മരിച്ചശേഷമാണ് രോഗിയെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്നും മരണം സ്ഥിരീകരിക്കാനായിരുന്നു ശ്രമമെന്നും സൂപ്രണ്ട് ; യുവാവ് മരിച്ചതിൽ പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രതിഷേധം രൂക്ഷം
സ്വന്തം ലേഖകൻ
പുനലൂർ: ഒ.പി ടിക്കറ്റെടുക്കാത്തതിന്‍റെ പേരില്‍ ഡോക്ടര്‍ പരിശോധന നിഷേധിച്ച രോഗി ചികിത്സ ലഭിക്കാതെ മരിച്ചു.സംഭവത്തെ തുടർന്ന് പുനലൂര്‍ താലൂക്കാശുപത്രിയില്‍ പ്രതിഷേധം രൂക്ഷമായി.
വിളക്കുവെട്ടം പ്ലാവിള പുത്തന്‍ വീട്ടില്‍ ഉദയകുമാര്‍ (45) ആണ് മരിച്ചത്. ഓട്ടോറിക്ഷ തൊഴിലാളിയായ ഉദയകുമാര്‍ വ്യാഴാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഉദയകുമാറിനെ
ഒ.പി ടിക്കറ്റെടുക്കാത്തതിനെ തുടര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ പരിശോധിക്കാന്‍ തയാറായില്ല.
കൂടെ വന്നവർ ഒ.പി ടിക്കറ്റെടുത്ത ശേഷം ഡോക്ടര്‍ പരിശോധിക്കാന്‍ തയാറായെങ്കിലും അപ്പോഴേക്കും ഉദയകുമാര്‍ മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവമറിഞ്ഞതോടെ ഓട്ടോറിക്ഷ തൊഴിലാളികള്‍ ആശുപത്രിയില്‍ തടിച്ചുകൂടി അധികൃതരുടെ അനാസ്ഥക്കെതിരെ ബഹളമുണ്ടാക്കി.
പുനലൂര്‍ സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസെത്തി തൊഴിലാളികളുമായി സംസാരിച്ച് സംഘര്‍ഷാവസ്ഥ ഒഴിവാക്കുകയായിരുന്നു.
ആശുപത്രി അധികൃതര്‍ മനുഷ്യജീവനേക്കാള്‍ ഒ.പി ടിക്കറ്റിന് വിലകല്‍പിച്ചതാണ് ഒരു ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. ഉദയകുമാറിന്‍റെ മൃതദേഹം ആശുപത്രിക്ക് മുന്നില്‍വെച്ച് പ്രതിഷേധിക്കുമെന്നും അവര്‍ അറിയിച്ചു.
തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. സുഭഗന്‍, സി.ഐ, ഓട്ടോ തൊഴിലാളി യൂനിയന്‍ നേതാക്കള്‍ എന്നിവര്‍ ചര്‍ച്ച നടത്തി. വീഴ്ച കാണിച്ചവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് സൂപ്രണ്ട് ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
മരിച്ചശേഷമാണ് രോഗിയെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്നും ഇത് മരണം സ്ഥിരീകരിക്കാനായിരുന്നുവെന്നുമാണ് സൂപ്രണ്ടിന്‍റെ വിശദീകരണം.
ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ: മീര. മക്കള്‍: ഉദാര, ഉദീപ്.